മെഡിക്കൽ കോളേജുകളുൾപ്പെടെ ആശുപത്രികളിൽ മരുന്നില്ല,​ നട്ടം തിരിഞ്ഞ് രോഗികൾ

Sunday 12 May 2024 1:27 AM IST

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷം ആരംഭിച്ച് ഒന്നരമാസമാകുമ്പോഴും സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ മുതൽ മെഡിക്കൽ കോളേജുകളിൽ വരെ ആവശ്യമരുന്നുപോലുമില്ല. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികൾ എന്തുചെയ്യണമെന്നറിയാതെ പരക്കംപായുന്നു.

കിലോമീറ്ററുകളോളം താണ്ടി ഡോക്ടറെ കണ്ട് ഫാർമസിക്കു മുന്നിൽ ക്യൂനിന്ന് എത്തുന്നവരോട് മരുന്നില്ലെന്നുപറഞ്ഞ് ജീവനക്കാർ കൈമലർത്തുന്നു. പ്രമേഹത്തിനുള്ള മെറ്റ്ഫോർമിൻ, ഗ്ലിനിപ്രൈഡ്, തൈറോയ്ഡിനുള്ള തൈറോക്‌സിൻ സോഡിയം, കൊളസ്ട്രോളിനുള്ള അറ്റോർവസാറ്റിൻ തുടങ്ങിയവയ്ക്കുള്ള ഗുളികകളും അയൺ,കാത്സ്യം ഗുളികകൾക്കുമാണ് ഏറെ ക്ഷാമം. പൊതുവായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കായ അമോക്‌സിസിലിൻ ഉൾപ്പെടെയുള്ളവയും കിട്ടാനില്ല.

ഇൻസുലിനുള്ള മരുന്നും മിക്ക താലൂക്ക്, ജനറൽ ആശുപത്രികളിലും സ്റ്റോക്കില്ല. ഓരോ സാമ്പത്തിക വർഷവും ആവശ്യമുള്ളവ മുൻകൂട്ടി ഇന്റന്റ് തയ്യാറാക്കിയാണ് കെ.എം.എസ്.സി.എൽ വഴി മരുന്നുവാങ്ങി ആശുപത്രികൾക്ക് നൽകുന്നത്. ഈ വർഷത്തേക്ക് ആവശ്യമുള്ള മരുന്നിന്റെ ഇന്റന്റ് കഴിഞ്ഞ വർഷം ഒക്ടോബറിൽ ആശുപത്രികളിൽ നിന്ന് വാങ്ങിയിരുന്നു. അതനുസരിച്ച് മാർച്ച് അവസാനത്തോടെ സ്റ്റോക്ക് എത്തണം. അതു നടപ്പായില്ല.

ഫെബ്രുവരി,​ മാർച്ച് മാസങ്ങളിൽ മരുന്നു ക്ഷാമം രൂപപ്പെട്ടിരുന്നു. സാമ്പത്തിക വർഷം അവസാനമായതാണ് മരുന്നില്ലാത്തതിനു കാരണമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. മാർച്ചും ഏപ്രിലും കഴിഞ്ഞ് മേയ് പകുതി ആകുമ്പോഴും മരുന്നില്ല. പതിവായി കഴിക്കുന്നവ വാങ്ങാൻ രണ്ടാഴ്ചയിലൊരിക്കൽ ആശുപത്രികളിലെത്തുന്ന വൃദ്ധരുൾപ്പെടെ ലക്ഷക്കണക്കിന് രോഗികളുണ്ട്. കാശില്ലാത്തതിനാൽ പുറത്തെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്നുവാങ്ങാൻ കഴിയാതെ ഇവർ നെടുവീർപ്പിടുകയാണ്.

 മരുന്നില്ലാത്തതിനു കാരണങ്ങൾ

1. 470 കോടിലേറെ രൂപ മരുന്നു കമ്പനികൾക്ക് സർക്കാർ നൽകാനുണ്ട്

2. കുടിശിക തീർക്കാത്തതിനാൽ കമ്പനികൾ മരുന്ന് നൽകുന്നില്ല

3. അവശ്യമരുന്നുകൾ പലതും പഴയ കമ്പനികളുടെ കൈവശമാണുള്ളത്

4.പുതുതായി ടെൻഡർ എടുത്ത കമ്പനികൾക്ക് അവശ്യമരുന്നുകളില്ല

5. അധികൃതരുടെ കെടുകാര്യസ്ഥത പ്രശ്നം കൂടുതൽ വഷളാക്കുന്നു

 ക്ഷയത്തിനും മരുന്നില്ല

ക്ഷയരോഗമരുന്നിന് ക്ഷാമം തുടങ്ങിയിട്ട് നാലുമാസത്തിലേറെയായി. കേന്ദ്രസർക്കാർ സൗജന്യമായാണ് മരുന്ന് സംസ്ഥാനങ്ങൾക്ക് നൽകുന്നത്. ഇത് ജില്ല ടി.ബി സെന്ററുകൾ വഴിയാണ് വിതരണം ചെയ്യുന്നത്. ഇതും മുടങ്ങി. നാഷണൽ ട്യൂബർകുലോസിസ് എലിമിനേഷൻ പ്രോഗ്രാമിനു കീഴിലാണ് ക്ഷയരോഗികളുടെ ചികിത്സയും മരുന്നുവിതരണവും. എൻ.എച്ച്.എം ഫണ്ടില്ലാത്തതിനാൽ ആശുപത്രികൾക്ക് സ്വന്തം നിലയിൽ വാങ്ങാൻ കഴിയുന്നില്ല. മറ്റുഫണ്ടുകൾ കണ്ടെത്തി ബദൽ മാർഗം സ്വീകരിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും.

Advertisement
Advertisement