വൈദ്യുതി ഉപഭോഗം കുറയ്ക്കാം

Saturday 11 May 2024 11:38 PM IST

പത്തനംതിട്ട : സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടുന്നതിനാൽ ഉത്പാദനത്തെക്കുറിച്ചുള്ള ആശങ്ക വർദ്ധിക്കുകയാണ്. ഇത് ഉപഭോക്താക്കളെ ബാധിക്കുന്നതിനാൽ പീക്ക് സമയത്തെ ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് എനർജി മാനേജ്‌മെന്റ് സെന്റർ അറിയിച്ചു. വൈകിട്ട് ആറ് മുതൽ രാത്രി 11 വരെയുള്ള സമയമാണ് പീക്ക് സമയം. ഈ സമയം എയർകണ്ടീഷണർ, കൂളർ, ഫാൻ എന്നിവയുടെ ഉപയോഗം കൂടുതലാണ്. ചൂടുകാലാവസ്ഥയിൽ ഇത് ഉപയോഗിക്കാതിരുക്കാനും കഴിയില്ല.

അതിന് മറ്റ് വഴികൾ സ്വീകരിക്കണമെന്നും എനർജി മാനേജ്‌മെന്റ് സെന്റർ നിർദ്ദേശിക്കുന്നു.പീക്ക് സമയത്ത് ഇൻഡക്ഷൻ കുക്കർ, പമ്പുകൾ, വാഷിംഗ് മെഷീൻ എന്നിവ ഓണാക്കാതിരിക്കുക. വീടുകളിലും ഓഫീസുകളിലും എയർകണ്ടീഷണറിന്റെ താപനില 25 ഡിഗ്രിക്ക് മുകളിൽ സെറ്റ് ചെയ്യാം. ഓരോ ഡിഗ്രി താഴ്ത്തി സെറ്റ് ചെയ്യുമ്പോഴും ആറ് ശതമാനം വൈദ്യുതി അധികം വേണ്ടിവരും.വൈദ്യുത ഉപകരണങ്ങൾ വാങ്ങുമ്പോൾ ബി.ഇ.ഇ. സ്റ്റാർ ലേബലുള്ള ഊർജ്ജകാര്യക്ഷമത കൂടിയവ വാങ്ങുക. ഏറ്റവും ഊർജ്ജകാര്യക്ഷമത കൂടിയ വൈദ്യുത ഉപകരണത്തിന് 5 സ്റ്റാർ ലേബലിംഗ് ആണ് ഉള്ളത്. ഇതുവഴി ഊർജ്ജ ഉപയോഗം കുറയ്ക്കാം.സാധാരണ ഫാനിനു പകരം ഊർജ്ജകാര്യക്ഷമത കൂടിയ ബി.എൽ.ഡി.സി. ഫാൻ (28 വാട്ട്‌സ്) ഉപയോഗിച്ചാൽ മാസത്തിൽ 6.48 യൂണിറ്റ് വൈദ്യുതി ലാഭിക്കാം. എല്ലാ ഉപകരണങ്ങളുടെയും കാര്യക്ഷമത പരിശോധിക്കണം. ബി.ഇ.ഇ. സ്റ്റാർ ലേബലുള്ള ഉപകരണങ്ങൾ വാങ്ങുമ്പോൾ ലേബലിന്റെ കാലാവധി, റ്റിഡി പദവി എന്നിവ സസൂഷ്മം നിരീക്ഷിച്ച് വാങ്ങുക. ഓഫീസുകളിൽ ലൈറ്റുകൾ ആവശ്യത്തിനു മാത്രം പ്രകാശിക്കാൻ ടൈമറുകൾ, സെൻസറുകൾ ഘടിപ്പിക്കുക. വീടുകളിലും ഓഫീസുകളിലും ആവശ്യം കഴിഞ്ഞാൽ വൈദ്യുതോപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യുക. ഓഫീസുകളിൽ ഉദ്യോഗസ്ഥർ ഇല്ലാത്ത മുറികളിൽ ലൈറ്റ്, ഫാൻ, എ.സി. എന്നിവ പ്രവർത്തിക്കുന്നില്ലന്ന് ഉറപ്പുവരുത്തുക.

Advertisement
Advertisement