ചിറയ്ക്കൽ കുളത്തിന് സംരക്ഷണ വേലിയില്ല. അപകടം അരികെ

Saturday 11 May 2024 11:43 PM IST

മല്ലപ്പള്ളി : റോഡരികിലാണ് കുളം. പക്ഷേ സംരക്ഷണ വേലിയില്ല !. എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ അംബേദ്കർ കോളനി റോഡിന് സമീപമുള്ള കുളത്തിനാണ് ഇൗ സ്ഥിതി. 2023 മാർച്ചിൽ നവീകരണം പൂർത്തിയാക്കിയിരുന്നു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ 12 ലക്ഷം രൂപ ചെലവിലായിരുന്നു നവീകരണം. 33 കുടുംബങ്ങളാണ് വേലംപറമ്പ് അംബേദ്കർ, ചിറയ്ക്കൽ എന്നീ അടുത്തത്ത കോളനികളിലായി താമസിക്കുന്നത്. സമീപത്തായി വേറെയും വീടുകളുണ്ട്. കോളനികലിലുള്ളവരാണ് കുളിക്കുന്നതിനും തുണിയലക്കുന്നതിനുമായി കുളം ഉപയോഗിക്കുന്നത്. വേനൽ കടുത്ത് കിണറുകളിൽ വെള്ളം വറ്റുമ്പോഴാണ് മറ്റുള്ളവർ കുളത്തെ ആശ്രയിക്കുന്നത്. 10 വർഷത്തിന് ശേഷമാണ് കുളം നവീകരിച്ചത്. കുളത്തിലെ ചെളി നീക്കം ചെയ്ത് ആഴം വർദ്ധിപ്പിച്ചു. കാട് നീക്കം ചെയ്ത് തകർന്ന സംരക്ഷണ ഭിത്തികൾ പുനർനിർമ്മിച്ചു. മൂന്ന് കുളിക്കടവുകളിലെ കൽപടവുകൾ പുനരുദ്ധരിക്കുകയും ചെയ്തു. കോളനി റോഡിന് സമീപത്ത് സംരക്ഷണവേലി നിർമ്മിക്കാനും പദ്ധതി ഉണ്ടായിരുന്നെങ്കിലും ഇതുമാത്രം നടന്നില്ല. പദ്ധതി പൂർത്തിയാക്കാതെ ഉദ്ഘാടനവും നടന്നു. അപകടസാദ്ധ്യത ഏറെ ഉണ്ടായിട്ടും വശങ്ങളിലെ സംരക്ഷണവേലി ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസം റോഡിൽ ചുങ്കപ്പാറ സ്വദേശിയായ ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ടിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ബൈക്ക് ഉൾപ്പെടെ കുളത്തിൽ വീഴാഞ്ഞത്.

കുളം നവീകരിച്ചത് 12 ലക്ഷം രൂപ ചെലവിൽ

----------------

റോഡും തകർച്ചയിൽ

എഴുമറ്റൂർ - പടുതോട് ബാസ്റ്റോ റോഡിന്റെ ആരംഭത്തിൽ നിന്ന് വായനശാല ജംഗ്ഷനിൽ എത്തുന്നതിനുള്ള ബൈപാസ് റോഡായ അംബേദ്കർ റോഡും തകർന്നുകിടക്കുകയാണ്. 10 വർഷമായി നവീകരണം നടത്തിയിട്ട് .പുത്തൻ കണ്ടത്തിൽ പടി മുതൽ ചിറയ്ക്കൽ വരെ വാഹനയാത്രയും കാൽ നടയാത്രയും ഏറെ ബുദ്ധിമുട്ടാണ്. 3 ലക്ഷം രൂപയുടെ നവീകരണം ഉടൻ നടക്കുമെന്ന് പറഞ്ഞ് റോഡിലെ മെറ്റൽ മാർച്ചിൽ ഇളക്കിയിട്ടതോടെ യാത്ര കൂടുതൽ ദുരിതമായി.

-------------------------

ചിറയ്ക്കൽ കുളത്തിന്റെ ഭാഗത്ത് അപകടങ്ങൾ വർദ്ധിക്കുവാൻ സാദ്ധ്യതയുള്ളതിനാൽ അധികൃതർ അടിയന്തരമായി സംരക്ഷണവേലി നിർമ്മിക്കുന്നതിന് നടപടി സ്ഥീകരിക്കണം.

രജനീഷ്

പ്രദേശവാസി

Advertisement
Advertisement