കോലാൻ വിഭാഗത്തിൽ പുതിയ രണ്ട് മീനുകൾ

Sunday 12 May 2024 1:47 AM IST

കൊച്ചി: ഇന്ത്യൻ സമുദ്രമത്സ്യ സമ്പത്തിലേക്ക് കോലാൻമുരൽ വിഭാഗത്തിൽപ്പെട്ട പുതിയ രണ്ട് മീനുകൾ കൂടി. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആർ.ഐ) ഗവേഷകരാണ് പുതിയ മീനുകളെ കണ്ടെത്തിയത്. വിശദമായ ജനിതക പഠനത്തിലൂടെയാണ് ഇവ ഇന്ത്യയിൽ ഇതുവരെ ശാസ്ത്രീയമായി അടയാളപ്പെടുത്തിയിട്ടില്ലാത്ത മീനുകളാണെന്ന് സ്ഥിരീകരിച്ചത്.

അബ്ലെന്നെസ് ജോസ്ബർക്‌മെൻസിസ്, അബ്ലെന്നെസ് ഗ്രേസാലി എന്നിങ്ങനെയാണ് പുതിയ മീനുകളുടെ ശാസ്ത്രീയനാമങ്ങൾ.

പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇ.എം. അബ്ദുസമദിന്റെ മേൽനോട്ടത്തിൽ ഗവേഷണം നടത്തുന്ന ടോജി തോമസാണ് മീനുകളെ കണ്ടെത്തിയത്. ടോജിയുടെ അമ്മ ഗ്രേസിയുടെയും സുഹൃത്ത് അലീനയുടെയും പേരുകൾ ചേർത്താണ് അബ്ലെന്നെസ് ഗ്രേസാലി എന്ന് ഒരു മത്സ്യത്തിന് നാമകരണം നടത്തിയത്. പഠിച്ച കലാലയത്തിന്റെയും അദ്ധ്യാപകന്റെയും പേരുകൾ അടിസ്ഥാനമാക്കി അബ്ലെന്നെസ് ജോസ്ബർക്‌മെൻസിസ് എന്ന ശാസ്ത്രനാമം രൂപപ്പെടുത്തി. ഡോ. ഷിജിൻ അമേരി, ബദറുൽ സിജാദ്, ഡോ. കെ.കെ. സജികുമാർ എന്നിവരും ഗവേഷണത്തിൽ പങ്കാളികളായി. റീജിയണൽ സ്റ്റഡീസ് ഇൻ മറൈൻ സയൻസ് എന്ന ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 പോഷകസമൃദ്ധം

ഉയർന്ന അളവിൽ മാംസ്യം അടങ്ങിയ കോലാൻമുരൽ മീനുകൾ പോഷകസമൃദ്ധവും രുചികരവുമാണ്. വാണിജ്യപ്രാധാന്യം കൂടിയ ഇവയ്ക്ക് ആവശ്യക്കാരുമേറെ. ചൂണ്ടകളിലാണ് പ്രധാനമായും പിടിക്കുന്നത്. പച്ചനിറത്തിലെ മുള്ളുകളും കൂർത്ത ചുണ്ടുകളുമാണ് മീനുകൾക്ക്. വിപണിയിൽ കിലോയ്ക്ക് 400 രൂപ വരെ വിലയുണ്ട്. തമിഴ്‌നാട് തീരങ്ങളിൽ ധാരാളമായി കാണാം.

Advertisement
Advertisement