താരാട്ടുമായി ഹൈടെക് അമ്മത്തൊട്ടിൽ

Sunday 12 May 2024 12:51 AM IST

കൊല്ലം: ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കായി മൂന്ന് മാസത്തിനുള്ളിൽ ജില്ലയിലെത്തും ഇലക്ട്രോണിക് അമ്മത്തൊട്ടിൽ. നടപടികൾ അവസാന ഘട്ടത്തിലാണെന്ന് ജില്ലാ ശിശുക്ഷേമ സമിതി അധികൃതർ അറിയിച്ചു.

വിക്ടോറിയ ആശുപത്രിയുടെ പ്രവേശന കവാടത്തിന് സമീപമാണ് അത്യാധുനിക സൗകര്യത്തോട് കൂടിയ ഹൈടെക്ക് അമ്മത്തൊട്ടിൽ സ്ഥാപിക്കുക. ഉപേക്ഷിക്കാനെത്തുന്ന വ്യക്തിയുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന രീതിയിൽ സ്ഥാപിക്കുന്ന അമ്മത്തൊട്ടിൽ കുഞ്ഞിന് അതീവ സുരക്ഷയാണ് നൽകുന്നത്. കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതും വഴിവക്കിലും തെരുവിലും ഉപേക്ഷിക്കപ്പെടുന്നതുമായ സാഹചര്യം ഒഴിവാക്കി അവർക്ക് സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

കുഞ്ഞിനെ തൊട്ടിലിൽ കിടത്തുന്നത് മുതൽ കുഞ്ഞിന്റെ ചലനങ്ങൾ തൊട്ടിലിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറയിലൂടെ ആശുപത്രി അധികൃതർക്ക് ലഭിക്കും. എന്നാൽ ഉപേക്ഷിക്കാനെത്തുന്ന വ്യക്തിയെ ഇവർക്ക് കാണാൻ സാധിക്കില്ല. പൂർണമായും സ്വകാര്യത ഉറപ്പുവരുത്തുന്ന രീതിയിലാണ് തൊട്ടിൽ ക്രമീകരിക്കുന്നത്.

കുഞ്ഞിനെ കിടത്തി കഴിഞ്ഞാൽ ആളെത്തി എടുക്കുന്നത് വരെ ഓട്ടോമാറ്റിക്കായി തൊട്ടിൽ ആടിക്കൊണ്ടിരിക്കും. കുഞ്ഞിനെ തൊട്ടിലിൽ നിന്ന് എടുക്കുന്നതുവരെ വളരെ സുരക്ഷിതത്വത്തോടെ കഴിയാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഇലക്ട്രോണിക് അമ്മത്തൊട്ടിലിൽ ഉറപ്പുവരുത്തും.

കുഞ്ഞിന്റെ ആരോഗ്യപരിശോധന നടത്തി നിയമനടപടികൾ പൂർത്തിയാക്കി ആശുപത്രി അധികൃതർ ശിശുക്ഷേമ സമിതിക്ക് കൈമാറും.

സുരക്ഷയും സ്വകാര്യതയും ഉറപ്പ്

 കുഞ്ഞുമായി എത്തുമ്പോൾ അമ്മത്തൊട്ടിലിന്റെ വാതിൽ തനിയെ തുറക്കും

 കുഞ്ഞിനെ തൊട്ടിലിൽ കിടത്തിക്കഴിഞ്ഞാൽ വാതിൽ തനിയെ അടയും

 വാതിൽ തുറക്കുന്നതിന് മുമ്പ് 'നിങ്ങളുടെ കുഞ്ഞിന് ഈ ലോകത്ത് നിങ്ങളെപ്പോലെ ആരും അമ്മയാകില്ല' എന്ന ശബ്ദ സന്ദേശം ലഭിക്കും

 എന്നിട്ടും ഉപേക്ഷിക്കാനാണ് തീരുമാനമെങ്കിൽ വാതിൽ തുറക്കും

 ഉടൻ ആശുപത്രി ഡ്യൂട്ടിയിലുള്ള നഴ്സിനും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറിക്കും കളക്ടർക്കും ഫോണിൽ അറിയിപ്പ് ലഭിക്കും

 വാതിൽ അടഞ്ഞുകഴിഞ്ഞാൻ കുഞ്ഞ് സുരക്ഷിതമാണെന്ന് സന്ദേശം ലഭിക്കും

പ്രവർത്തന സജ്ജമാകാൻ - 3 മാസം

ജില്ലയെ ബാലസൗഹൃദ ജില്ലയാക്കുകയെന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലാ ശിശുക്ഷേമ സമിതി അധികൃതർ

Advertisement
Advertisement