കൊല്ലം പോർട്ടിൽ കൂറ്റൻ ബാർജും ടഗും എത്തി

Sunday 12 May 2024 12:57 AM IST

കൊല്ലം: ഗുജറാത്തിലെ മുദ്ര പോർട്ടിൽ നിന്ന് തമിഴ്നാട്ടിലെ കാട്ടുപ്പുള്ളിയിലേക്ക് പോവുകയായിരുന്ന കൂറ്റൻ ബാർജും ടഗും ഇന്ധനവും ശുദ്ധജലവും നിറയ്ക്കാനായി കൊല്ലം പോർട്ടിലെത്തിച്ചു. നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകാനായി ഉപയോഗിക്കുന്ന കൂടുതൽ ഭാരദ്വഹന ശേഷിയുള്ള ജെ.യു.ബി വൺ ബാർജും ഡോൾഫിൻ 14 എന്ന ടഗും ആണ് കൊല്ലം പോർട്ടിൽ അടുപ്പിച്ചത്.

യാത്രയ്ക്കിടയിൽ ഇന്ധനം തീരുമെന്ന അവസ്ഥ വന്നതോടെയാണ് കൊല്ലം പോർട്ടിൽ ടഗ് അടുപ്പിക്കാൻ തീരുമാനിച്ചത്. ഇതിനിടയിൽ സുരക്ഷിതമായി കൊല്ലം പോർട്ടിൽ എത്തിക്കാൻ വിഴിഞ്ഞത്ത് നിന്ന് ഓഷ്യൻ സ്പിരിറ്റ് എന്ന ടഗും അനുഗമിച്ചു. കൊല്ലം പോർട്ടിന്റെ എം.ടി മലബാർ എന്ന ടഗിന്റെ സഹായത്തോടെയാണ് ബാർജും ഗുജറാത്തിൽ നിന്നുള്ള ടഗും ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ വാർഫിൽ അടുപ്പിച്ചത്. ഇന്ധനം നിറച്ച് തിങ്കളാഴ്ച യാത്ര തുടരും. ടഗിൽ 12 ജീവനക്കാരുണ്ട്. എമിഗ്രേഷൻ പോയിന്റില്ലാത്തതിനാൽ ജീവനക്കാർ ടഗിൽ തന്നെ തുടരും.

കൊല്ലം പോർട്ട് ഓഫീസർ അശ്വനി പ്രതാപ് ബാർജ് അടുപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കി. കൊല്ലം ആസ്ഥാനമായുള്ള സത്യം ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സാണ് ബാർജ് കൊല്ലം പോർട്ടിൽ അടുപ്പിക്കാനുള്ള ഏജൻസി ജോലി നിർവഹിച്ചത്.

Advertisement
Advertisement