അനന്യയുടെ പാട്ടിന് അമ്മയുണ്ട് കൂട്ട്

Sunday 12 May 2024 12:06 AM IST

കൊല്ലം: ഓട്ടിസം ബാധിതയായ അനന്യ ബിജേഷിന്റെ പാട്ടുവഴിയിൽ നിഴൽപോലെ അമ്മ കൂടെയുണ്ട്. അനന്യ പാടുമ്പോൾ അവളെ ചേർത്തുപിടിച്ചും മൈക്ക് കൊടുത്തും അനുപമ (43) ഒപ്പമുണ്ടാവും.

തിരുവനന്തപുരം തിരുമലയിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം ശൂരനാട് സ്വദേശികളായ അനുപമയുടെയും റിസർവ് ബാങ്ക് ഉദ്യോഗസ്ഥനായ ബിജേഷിന്റെയും മകളായി 2005ലാണ് അനന്യ ജനിക്കുന്നത്. അധികം വൈകാതെ രോഗം തിരിച്ചറിഞ്ഞു. തളർന്നുപോകാതെ പാട്ടുകളോടുള്ള മകളുടെ ഇഷ്ടം തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചു. സുവോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ അനുപമ മകൾക്കുവേണ്ടി മാത്രം സമയം ചെലവഴിച്ചു. പാട്ടുപാടാൻ അറിയില്ലെങ്കിലും അനന്യയുടെ പാട്ടുകളുടെ താളമായി.

മൂന്ന് വയസ് മുതൽ സംഗീതമാണ് അനന്യയുടെ ഭാഷ. ശബ്ദങ്ങളോട് കൂടുതൽ അടുപ്പം കാണിക്കുന്നതും മനസിലാക്കുന്നതും തിരിച്ചറിയാൻ സാധിച്ചതാണ് വഴിത്തിരിവായത്. തുടർന്ന് കീബോർഡും ലേണിംഗ് ആപ്പുകളും അനന്യയ്ക്ക് കൊടുത്തു. അവൾക്കൊപ്പം നിന്ന് പഠിപ്പിച്ചു. അധികം വൈകാതെ 'തുമ്പീ വാ തുമ്പക്കുടത്തിൽ...' എന്ന ഗാനം പാടി അനന്യ അച്ഛനമ്മമാരെ ഞെട്ടിച്ചു. പാട്ടുകളെല്ലാം തനിയെ പഠിച്ചെടുക്കും. യു ട്യൂബിൽ സ്വയം സെർച്ച് ചെയ്ത് ഇഷ്ടമുള്ള പാട്ടുകൾ തിരഞ്ഞെടുക്കും. കേരളീയം ഉൾപ്പെടെ നിരവധി വേദികളിൽ അനന്യ സാന്നിദ്ധ്യമായി. മകളെ സ്കൂളിൽ കൊണ്ടുപോകുന്നതും കൂട്ടിരിക്കുന്നതും തിരികെ വിളിച്ചുകൊണ്ട് വരുന്നതും അനുപമയാണ്. ജോലിത്തിരക്കുകൾക്കിടയിലും മകളുടെ പാട്ട് കേൾക്കാൻ ഓടിയെത്താറുണ്ട് ബിജേഷ്.

വഴുതക്കാട് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പെഷ്യൽ കെയർ സ്കൂളിൽ പ്രീ വൊക്കേഷണൽ ഒന്നാം ഗ്രൂപ്പ് വിദ്യാർത്ഥിനിയാണ് അനന്യ. സംസ്ഥാന സർക്കാരിന്റെ 2023 ലെ ഉജ്ജ്വലബാല്യം പുരസ്കാരത്തിനും ഈ മിടുക്കി അർഹയായി. നിരവധി പരിപാടികളിൽ ചിത്ര, വിധു പ്രതാപ് തുടങ്ങിയവരോടൊപ്പം അനന്യ പാടിയിട്ടുണ്ട്. ആരോൺ ആണ് സഹോദരൻ.

അവളുടെ ഓരോ നേട്ടത്തിലും ഒരുപാട് അഭിമാനമുണ്ട്. ഇപ്പോൾ അനന്യ സ്വന്തം കാര്യങ്ങളൊക്കെ കഴിവതും തനിയെ ചെയ്യും. എഴുതാനും വായിക്കാനും അറിയാം. പാട്ടാണ് അവളുടെ ലോകം.

അനുപമ

Advertisement
Advertisement