സംഘടനാ ദൗർബല്യം പ്രകടം ,ബൂത്തിലിരിക്കാൻ പോലുമാളുണ്ടായില്ല,: അടൂർ പ്രകാശ്
തിരുവനന്തപുരം.സംഘടനാ ദൗർബല്യവും നേതൃത്വത്തിന്റെ ആസൂത്രണമില്ലായ്മയും മൂലം സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് ദിനത്തിൽ ബൂത്തിലിരിക്കാൻ പോലുംആളില്ലാത്താ സ്ഥിതിയായിരുന്നുവെന്ന് പ്രമുഖ കോൺഗ്രസ് നേതാവും ആറ്റിങ്ങൽ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ അടൂർ പ്രകാശ് എം.പി പറഞ്ഞു. തിരഞ്ഞെടുപ്പിനു മുമ്പ് പാർട്ടി പുന:സംഘടന നടത്തിയതോടെ എല്ലാ താറുമാറാവുകയായിരുന്നുവെന്നും കൗമുദി ടി.വിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സംഘടനാ പുന:സംഘടന തിരഞ്ഞെടുപ്പിനുശേഷം നടത്തിയിരുന്നെങ്കിൽ കോൺഗ്രസിന്റെ സ്ഥിതി ഇതിലും മെച്ചമായിരുന്നേനെ. സ്ഥാനാർത്ഥികളുടെ നിശ്ചയദാർഢ്യവും പ്രവർത്തനവും ആണ് ഇരുപതിൽ ഇരുപത് സീറ്റും ലഭിക്കുമെന്ന് പറയാനുള്ള സാഹചര്യം സൃഷ്ടിച്ചത്.
ആറ്റിങ്ങലിൽ ഇരട്ടവോട്ടും മറ്റും തടയാൻ ഹൈക്കോടതിയിൽ പോയതിനാൽ ബൂത്തുകളിൽ വെബ് കാസ്റ്റിംഗിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.എന്നാൽ ' നിങ്ങളുടെ ആളുകളില്ലാത്ത ബൂത്തുകളിൽ ഞങ്ങൾ വേണ്ടത് ചെയ്തിട്ടുണ്ടെന്ന് ' തന്നോട് അടുപ്പമുള്ള സി.പി.എമ്മിലെ ചിലർ വോട്ടെടുപ്പു കഴിഞ്ഞപ്പോൾ പറഞ്ഞതായി അടൂർപ്രകാശ് ചൂണ്ടിക്കാട്ടി.അതായിരുന്നു അവസ്ഥ.കെ.പി.സി.സിക്ക് പരാതി നൽകിയോ എന്ന ചോദ്യത്തിന് പരാതി കൊടുത്താൽ ആരാണ് കേൾക്കുന്നതെന്നും, കാര്യമില്ലെന്നുമായിരുന്നു മറുപടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ മത്സരിക്കാൻ വരുമ്പോൾ ആദ്യം വിജയപ്രതീക്ഷ ഉണ്ടായിരുന്നില്ല.എന്നാൽ പ്രവർത്തകരുടെ ആവേശം കണ്ടപ്പോൾ ജയിക്കുമെന്ന് ഉറപ്പായി.ഇക്കുറി പ്രവർത്തകരെ സജ്ജമാക്കേണ്ട സംഘടനാനേതൃത്വം അതിനുള്ള ശ്രമം നടത്തിയെന്നു പറയാനാകില്ല.
ആറ്റിങ്ങലിൽ ഭൂരിപക്ഷത്തെക്കുറിച്ചു പറയുന്നില്ലെങ്കിലും ജയമുറപ്പാണെന്ന് അടൂർ പ്രകാശ് പറഞ്ഞു.ഇക്കുറി മത്സരിക്കാൻ താത്പ്പര്യമുണ്ടായിരുന്നില്ലേയെന്ന ചോദ്യത്തിന് എ.ഐ.സി.സി യോടും ഇവിടുത്തെ നേതൃത്വത്തോടും തനിക്കു പറയാനുള്ളത് പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി. ചില കാരണങ്ങളാൽ വേറെ ആളുണ്ടെങ്കിൽ നോക്കണമെന്നും പറഞ്ഞിരുന്നു.എന്നും പാർട്ടിക്ക് വിധേയനായി മാത്രമെ പ്രവർത്തിച്ചിട്ടുള്ളു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പാർട്ടി ആവശ്യപ്പെട്ടാൽ വരും. ആ സ്ഥാനത്തിന്
അയോഗ്യനായി മാറി നിൽക്കേണ്ട കാര്യമില്ല.എല്ലാ വിഭാഗം ആളുകളെയും കൂട്ടി യോജിപ്പിക്കാതെ ഒരു വിഭാഗത്തിനു മാത്രം മുൻതൂക്കം നൽകി കോൺഗ്രസിന് ഇനി മുന്നോട്ടു പോകാൻ കഴിയില്ല.വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഇപ്പോഴെ ഒരുക്കങ്ങൾ തുടങ്ങണം.അതിനനുസരിച്ച് സംഘടനാ നേതൃത്വം സജ്ജമാകണമെന്നും അടൂർ പ്രകാശ് പറഞ്ഞു.അഭിമുഖം ഇന്ന് രാത്രി 8 ന് കൗമുദി ടിവിയിൽ.