പിതാവിനൊപ്പം ആറ്റിൽ കുളിക്കുന്നതിനിടെ പതിമൂന്നുകാരൻ മുങ്ങിമരിച്ചു

Sunday 12 May 2024 1:58 AM IST
അരുൺ

മലയിൻകീഴ്: പിതാവിനും സഹോദരനുമൊപ്പം ആറ്റിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് പതിമൂന്നുകാരൻ മുങ്ങിമരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ ഇളയ മകനും മാറനല്ലൂർ ക്രൈസ്റ്റ് നഗർ സ്കൂളിലെ ആറാം ക്ളാസ് വിദ്യാർത്ഥിയുമായ അരുണാണ് മരിച്ചത്.

വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് നാടിനെ ദുഃഖത്തിലാഴ്‌ത്തിയ സംഭവം. പിതാവ് അനിൽകുമാറിനും ജ്യേഷ്ഠൻ കൃഷ്ണപ്രസാദിനും (19) ഒപ്പമാണ് അരുൺ കാവടിക്കടവിൽ കുളിക്കാനെത്തിയത്. മണലൂറ്റിനെ തുടർന്ന് കയങ്ങളും അടിയൊഴുക്കുമുള്ള സ്ഥലമാണ് ഇവിടം. കുളിക്കുന്നതിനിടെ അരുൺ ഒഴുക്കിൽപ്പെടുകയായിരുന്നു. അരുൺ മുങ്ങിത്താഴുന്നത് കണ്ട് അനിൽകുമാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിലവിളികേട്ടെത്തിയ നാട്ടുകാരും കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്ക് തടസമായി. ഉടൻ തന്നെ വട്ടിയൂർക്കാവ് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. ഫയർഫോഴ്സ് അരുണിനെ കണ്ടെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഗൾഫിൽ ജോലി ചെയ്യുന്ന അനിൽകുമാർ രണ്ടാഴ്ച മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. അരുണിന്റെ മൃതദേഹം ഇടപ്പഴിഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ദീപാറാണിയാണ് അരുണിന്റെ മാതാവ്.

Advertisement
Advertisement