നദികളുടെ ജലസംഭരണ ശേഷിക്കായി വേഗത്തിൽ മണൽ വാരും

Sunday 12 May 2024 2:36 AM IST

തിരുവനന്തപുരം: നദികളുടെ ജലസംഭരണ ശേഷി കൂട്ടി പ്രളയത്തെ അതിജീവിക്കാനും, നിർമ്മാണ മേഖലയ്‌ക്ക് കൈത്താങ്ങാകാനും റവന്യുവകുപ്പ് മണൽവാരൽ വേഗത്തിലാക്കും. ഘട്ടങ്ങളായാകും ജില്ലകളിലെ മണൽവാരൽ. മലപ്പുറത്തെ ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടി നദികളിൽ മണൽവാരൽ തുടങ്ങാൻ മൈനിംഗ് ആൻഡ് ജിയോളജി വിഭാഗം അനുവദിച്ചു. സംസ്ഥാന പരിസ്ഥിതി കമ്മിറ്റിയുടെ അനുമതി ലഭിച്ചാൽ തുടർനടപടിയിലേക്ക് കടക്കും.

നദികളുമായി ബന്ധപ്പെട്ടുള്ള തദ്ദേശ സ്ഥാപനത്തിന്റെ അദ്ധ്യക്ഷൻ ചെയർമാനായുള്ള കടവ് കമ്മിറ്റികൾക്കാണ് മണൽവാരി ലേലം ചെയ്യാനുള്ള ചുമതല. കളക്ടർ അദ്ധ്യക്ഷനായും പരിസ്ഥിതി, തൊഴിലാളി സംഘടനാ പ്രതിനിധികൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവർ അംഗങ്ങളായുമുള്ള ജില്ലാതല സമിതിക്ക് കീഴിലാണ് കടവ് കമ്മിറ്റി.

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന് (ഐ.എൽ.ഡി.എം) കീഴിലുള്ള റിവർ മാനേജ്മെന്റ് സെന്ററാണ് നദികളിലെ സാൻഡ് ഓഡിറ്രിംഗ് നടത്തിയത്. 32 നദികളിലെ ഓഡിറ്റിംഗിന്റെ അടിസ്ഥാനത്തിൽ കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് മണൽ ഖനനത്തിനുള്ള ഇടങ്ങൾ കണ്ടെത്തി.

സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസെസ്‌മെന്റ് അതോറിട്ടിയുടെ ക്ലിയറൻസ് സുപ്രീംകോടതി നിർബന്ധമാക്കിയതോടെ 2016ലാണ് സംസ്ഥാനത്ത് മണൽവാരൽ നിലച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും ഇതനുസരിച്ച് വിജ്ഞാപനമിറക്കി. ഇതിന്റെ അടിസ്ഥാനത്തിൽ റവന്യൂവകുപ്പ് പ്രത്യേക മാർഗനിർദ്ദേശം പുറപ്പെടുവിച്ചെങ്കിലും അംഗീകൃത കൺസൽട്ടന്റുമാരിലൂടെയേ പദ്ധതി തയ്യാറാക്കാവൂ എന്ന് 2020ൽ ദേശീയ ഹരിത ട്രീബ്യൂണൽ വിധിച്ചു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സാൻഡ് ആഡിറ്റിംഗടക്കം നടത്തിയത്.

ചാലിയാറിൽ 15 കടവ്, കടലുണ്ടിയിൽ രണ്ട്

 ചാലിയാറിലെ 15 കടവുകളും കടലുണ്ടിപ്പുഴയിലെ രണ്ടിടത്തും തഹസിൽദാർമാരുടെ സർവേ

 അഞ്ച് ഹെക്ടറിൽ താഴെയുള്ള സ്ഥലത്ത് നിന്ന് മണൽ വാരുന്നതിനുള്ള സാദ്ധ്യത പരിശോധിച്ചു

 തുടർനടപടികൾക്ക് സർക്കാർ തീരുമാനം വരണമെന്ന് ജില്ലാ റവന്യൂ വകുപ്പ് അധികൃതർ

 പമ്പ, അച്ചൻകോവിൽ നദികളിൽ 20 കടവുകൾ നിശ്ചയിച്ചു

 രണ്ടു നദികളിലായി 2.10 ലക്ഷം ടൺ മണൽ

'കടവ് സമിതികൾ രൂപീകരിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം ഉദ്യോഗസ്ഥതല യോഗം ചേരാനായില്ല".

- എസ്. പ്രേം കൃഷ്ണൻ, പത്തനംതിട്ട കളക്ടർ

'കോഴിക്കോട് കടലുണ്ടി, ചാലിയാർ, കുറ്റിയാടി പുഴകളിലെ പാരിസ്ഥിതിക വിഷയങ്ങൾ പരിശോധിച്ച് മണൽവാരൽ പ്രവർത്തനങ്ങൾ മഴയ്ക്ക് മുമ്പെ പൂർത്തീകരിക്കും. ഇറിഗേഷൻ, പൊതുമരാമത്ത് വിഭാഗങ്ങളാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്".

- സ്‌നേഹിൽ കുമാർ സിംഗ്, കോഴിക്കോട് കളക്ടർ

Advertisement
Advertisement