വൈദ്യുതി ഉപയോഗം പിടിച്ചുനിർത്താൻ പുതുവഴിയുമായി കെഎസ്ഇബി, ബിൽ തുക കുറയാനും ഇടയാക്കിയേക്കും

Sunday 12 May 2024 7:26 AM IST

തിരുവനന്തപുരം: വൈദ്യുതിയുടെ ഉപയോഗം നിയന്ത്രിക്കാൻ പുത്തൻവഴി പരീക്ഷിക്കാൻ ഒരുങ്ങുകയാണ് കെഎസ്ഇബി. വീടുകളിലടക്കം ഉപയോഗിക്കുന്ന വൈദ്യുതിയുടെ കണക്ക് അപ്പപ്പോൾ ഉപഭോക്താവിന്റെ മൊബൈൽഫോണിലേക്ക് മെസേജ് ആയി അയയ്ക്കുന്ന രീതിയാണ് പരീക്ഷിക്കുന്നത്. നിർമ്മിതബുദ്ധി (എഐ) യുടെ സഹായത്തോടെയാവും ഇത്. രജിസ്റ്റർ ചെയ്ത മൊബൈലിലേക്കായിരിക്കും സന്ദേശം എത്തുക. ഉപഭോക്താക്കളുടെ മൊബൈൽ നമ്പരുകൾ കെഎസ്ഇബിയുടെ പക്കലുണ്ട്. അതിനാൽ വളരെ എളുപ്പത്തിൽ പദ്ധതി നടപ്പാക്കാൻ കഴിയുകയും ചെയ്യും. ഇപ്പോൾതന്നെ ബില്ല്, വൈദ്യുതി മുടക്കം എന്നിവ ഉൾപ്പടെയുള്ളവ എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്.

മുൻകാലങ്ങളിൽ ഉപയോഗിച്ച വൈദ്യുതിയുടെ ലോഡ്, ഇപ്പോൾ ഉപയോഗിക്കുന്ന ലോഡ്, അത് എങ്ങനെ കുറയ്ക്കാം എന്നുള്ളവയുൾപ്പടെ വിശദവിവരങ്ങളും മെസേജിൽ ഉണ്ടാവും. ഇത് വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനും അതിലൂടെ ബിൽ തുക ഉയരുന്നത് ഇല്ലാതാക്കാനും കഴിയും എന്നാണ് കരുതുന്നത്. കേരളം കൊടുംചൂടിൽ വെന്തുരുകിയ ഏപ്രിൽ മാസത്തിലും മേയ് ആദ്യ വാരത്തിലും വൈദ്യുതി ഉപയോഗം ചരിത്രത്തിൽ ഇതുവരെയില്ലാത്ത നിലയിൽ എത്തിയതോടെയാണ് പുതുവഴി പരീക്ഷിക്കാൻ കെഎസ്ഇബി തയ്യാറായത്. മേയ് ആദ്യവാരം പീക്ക് ലോഡ് 5797 മെഗാവാട്ട് രേഖപ്പെടുത്തിയിരുന്നു. വേനൽ മഴയുടെ വരവാേടെ ചൂട് അല്പം കുറഞ്ഞതിനാൽ ഇപ്പോൾ വൈദ്യുതി ഉപയോഗത്തിൽ കാര്യമായ കുറവുണ്ട്. ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കി പിടിച്ചുനിൽക്കാൻ കെഎസ്ഇബിയും സർക്കാരും കഠിന ശ്രമമാണ് നടത്തിയത്.

മുംബയിൽ ദി ബൃഹൻ മുംബയ് ഇലക്‌ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് അണ്ടർ ടേക്കിംഗ് (ബെസ്റ്റ്) ഇത് നടപ്പാക്കുന്നുണ്ട്. അതിന്റെ പ്രവർത്തനം വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥർ പഠിക്കുകയാണ്. കേരളത്തിലെ ചില എ.ഐ. എജൻസികളുമായും ചർച്ചചെയ്തിട്ടുണ്ട്‌. പദ്ധതി എന്നുമുതൽ നടപ്പാക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. എസ്എംഎസ് സിസ്റ്റം നടപ്പാക്കുന്നത് കാര്യമായ പ്രയോജനം ഉണ്ടാക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

Advertisement
Advertisement