ആർഎംപി നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശം: ഉണ്ടാകാൻ പാടില്ലാത്തതെന്ന് കെ കെ രമ, പരാതി നൽകാൻ സിപിഎം

Sunday 12 May 2024 9:00 AM IST

വടകര: യുഡിഎഫും ആർഎംപിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ ആർഎംപി നേതാവ് കെഎസ് ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി കെകെ രമ എംഎൽഎ. ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് ഉണ്ടായത്. തെറ്റു മനസിലാക്കി മാപ്പുപറഞ്ഞ സ്ഥിതിക്ക് ഇനി വിവാദത്തിന് പ്രസക്തിയില്ലെന്നും അവർ പറഞ്ഞു. പരാമർശം വിവാദമായതോടെ ഹരിഹരൻ ഖേദം പ്രകടിപ്പിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉണ്ടായ അശ്ലീല വിഡിയോ വിവാദത്തെക്കുറിച്ച് പരാമർശിക്കുന്നതിനിടെയായിരുന്നു ഹരിഹരൻ വിവാദ പരാമർശം നടത്തിയത്. 'സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ കരുതിയത് അവർ ചില സംഗതികൾ നടത്തിയാൽ തീരുമെന്നാണ്. ടീച്ചറുടെ ഒരു അശ്ലീല വീഡിയോ ഉണ്ടാക്കിയെന്നാണ് പരാതി. ആരെങ്കിലും ഉണ്ടാക്കുമോ അത്?’ എന്നുപറഞ്ഞശേഷം മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസിലാക്കാമെന്ന് ഒരു നടിയെ പരാമർശിച്ചുകൊണ്ട് ഹരിഹരൻ പറഞ്ഞു. ഇതാണ് വിവാദമായത്.

സ്ത്രീവിരുദ്ധ പരാമർശം വൻചർച്ചയായതോടെ ഹരിഹരൻ തന്റെ ഫേസ്ബുക്ക് പേജിൽ ഖേദം പ്രകടിപ്പിച്ചു. ‘ഇന്ന് വടകരയിൽ നടത്തിയ ഒരു പ്രസംഗത്തിൽ അനുചിതമായ ഒരു പരാമർശം കടന്നുവന്നതായി സുഹൃത്തുക്കളും മാദ്ധ്യമപ്രവർത്തകരും എന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമർശം നടത്തിയതിൽ നിർവ്യാജം ഖേദിക്കുന്നു’ എന്നായിരുന്നു കുറിപ്പ്.

'വർഗീയതക്കെതിരെ'യെന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പെയിനിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഇതിൽ പ്രസംഗിക്കവെയായിരുന്നു വിവാദ പരാമർശം.

അതിനിടെ വിവാദപരാമർശത്തിനെതിരെ പരാതി നൽകാനാണ് സിപിഎം തീരുമാനം. നടപടി ആവശ്യപ്പെട്ട് വടകര റൂറൽ എസ്‌പി ഓഫീസിലായിരിക്കും ഇതുസംബന്ധിച്ച് പരാതി നൽകുന്നത്.

Advertisement
Advertisement