ബിഗ് ബോസിനകത്ത് നിൽക്കുമ്പോൾ ഒരാൾ എന്റെ വീട്ടിലെ സ്ത്രീകളെ വിളിച്ച് വിലപേശി; അഖിൽ പറഞ്ഞത് താൻ മുമ്പേ പറഞ്ഞതെന്ന് വെളിപ്പെടുത്തൽ

Sunday 12 May 2024 11:37 AM IST

'ബിഗ് ബോസി'നെതിരായ അഖിൽ മാരാരുടെ ആരോപണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നാളുകളായി ചർച്ചകൾ നടക്കുകയാണ്. സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നെന്നും, മത്സരാർത്ഥിയായ സിബിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ടൊക്കെയായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് മനീഷ അടക്കമുള്ള ചില മുൻ ബിഗ്‌ബോസ് താരങ്ങൾ പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ കൗമുദി മൂവീസിലൂടെ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് മുൻ മത്സരാർത്ഥി കൂടിയായ കിടിലം ഫിറോസ്. 'അഖിൽ മാരാർ ഈ വിഷയത്തിൽ ഇടപെട്ടെന്നതുകൊണ്ടാണ് ഇത്രയും ചർച്ചയായത്. പുള്ളി ഒരു വിജയി ആണ്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇതേ കാര്യങ്ങൾ ഞാൻ പറഞ്ഞിരുന്നു. പക്ഷേ അന്ന് ഞാൻ പരാജിതനായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ പറഞ്ഞത് ആരും മുഖവിലക്കെടുത്തില്ല. സത്യം നമുക്ക് മൂടിവയ്ക്കാൻ പറ്റില്ല. എത്ര നാൾ കഴിഞ്ഞാലും പുറത്തുവരുമല്ലോ.

ആദ്യം സിബിന്റെ കാര്യത്തിലെ വിവാദമാണ്. പുള്ളി മാനസിക പ്രയാസങ്ങൾ മൂലം പുറത്തുപോകണമെന്ന് പറയുന്നു. അങ്ങനെ പറഞ്ഞപ്പോൾ പുള്ളിക്കെന്തൊക്കെയോ മരുന്ന് കൊടുത്ത് ബിഗ് ബോസ് പുറത്താക്കി. അങ്ങനെയാണെങ്കിൽ മണിക്കുട്ടന് കൊടുത്ത ട്രോഫി തിരിച്ചെടുക്കണം. ഒന്നുകിൽ മണിക്കുട്ടൻ സ്വമേധയാ ട്രോഫി തിരിച്ചുകൊടുക്കണം. അല്ലെങ്കിൽ മണിക്കുട്ടന്റെ കൈയിൽ നിന്ന് അത് തിരിച്ചുവാങ്ങണം. എന്റെ സിസണിലെ വിന്നറാണ്. കേൾക്കുമ്പോൾ അസൂയ മൂത്ത് ഭ്രാന്തായതാണെന്നൊന്നും പറയണ്ട. എന്റെ സീസണിൽ ഞാൻ എന്ത് പറഞ്ഞോ, അത് ചെയ്തിട്ടാണ് നെഞ്ചും വിരിച്ച് ഇവിടിരിക്കുന്നത്. സനാധാലയം തുടങ്ങാൻ പോയി, തുടങ്ങി. ഞാൻ പുറത്തുപോയിട്ടില്ല. എനിക്കും മാനസിക പ്രയാസങ്ങൾ ഉണ്ടായിരുന്നു. മറ്റുള്ളവർക്കും ഉണ്ടായിരുന്നു. ഇവരാരും പുറത്തുപോയിട്ടില്ല.


എനിക്കിവിടെ നിൽക്കാൻ വയ്യെന്ന് പറഞ്ഞ് അനുമതി വാങ്ങി പുറത്തുപോയതാണ്. പുറത്തുപോയ ആളെ അവർ തിരിച്ചുകൊണ്ടുവന്ന് മൂന്ന് ദിവസം കൃത്യമായ ക്ലാസ് കൊടുത്തു. സ്ലോമോഷനിൽ അകത്തുകയറ്റി. ട്രോഫി കൊടുത്തു തിരിച്ചുവിട്ടു. സിബിന്റെ കാര്യത്തിൽ ഒരു നീതി,മണിക്കുട്ടന്റെ കാര്യത്തിൽ മറ്റൊരു നീതി.

ഡിംപിൾ ബാലിന്റെ വിഷയം. ഡിംപിൾ ബാലിന്റെ ഔദാര്യത്തിലല്ലേ നിന്നതെന്ന്. പലരും കാണാതെ പോയ ഒന്ന്, പുള്ളി ഇവിടെ തുടരണമോയെന്ന് ഡിംപിളിനോട് ലാലേട്ടൻ ചോദിക്കുകയാണ്. പുള്ളി ഇവിടെ തുടർന്നോട്ടേയെന്ന് പുള്ളിക്കാരി പറയുന്നു. എനിക്ക് പുറത്ത് പോകണമെന്ന് ഞാൻ പറഞ്ഞു. അത്‌ ആരും ശ്രദ്ധിച്ചില്ല. എന്നെ വിട്ടില്ലല്ലോ. ആരെ വിടണം, എപ്പോൾ വിടണം, ഏത് ഇമേജിൽ വിടണം എന്നൊക്കെ സംഘാടകർ തീരുമാനിക്കും. നിങ്ങൾ കരുതുന്നതുപോലെ പ്രേക്ഷകർ മാത്രം ഡ്രൈവ് ചെയ്ത് കൊണ്ടുപോകുന്ന, ട്രാൻസ്‌‌‌പരന്റായ, നീതിയുക്തമായതൊന്നുമല്ല. പ്രേക്ഷകരാണ് വിധികർത്താക്കളെങ്കിൽ കഴിഞ്ഞ സീസണിൽ റോബിൻ ജയിക്കേണ്ടേ.


സ്ത്രീകളെ ദുരുപയോഗം ചെയ്‌തെന്ന അഖിൽ മാരാരുടെ ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. 'അത് തെറ്റാണ്. നമ്മൾ ഇത്രയും സീസണിൽ കണ്ട സ്ത്രീകൾ അങ്ങനെ ചെയ്തവരാണെന്ന് ഞാൻ കരുതുന്നില്ല. അതോരോരുത്തരുടെ പോയിന്റ് ഓഫ് വ്യൂ ആണ്. എന്റെ അറിവിൽ, പോയ ആരും മോശക്കാരായ സ്ത്രീകളാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

രണ്ട്, ബിഗ് ബോസിന്റെ ഒരു സിസ്റ്റം അങ്ങനെയല്ല. ബിഗ് ബോസിന്റെ ഒഫിഷ്യൽ മേധാവികളോ ചാനലിന്റെ ഒഫിഷ്യൽ മേധാവികളോ സ്ത്രീകളെ മോശമായി ഉപയോഗിക്കുന്നവരല്ല. എൻഡമോൾ ഷൈനിന്റെ എലഗന്റായ ടീമുണ്ട്. അവർ അത്തരക്കാരല്ല. പക്ഷേ ഇവരുടെയൊക്കെ അനുബന്ധമായി നിൽക്കുന്ന, സ്രാവിന്റെ കൂടെ പോകുന്ന സക്കർഫിഷെന്നൊക്കെ പറയുംപോലെ കുറേ ഞാഞ്ഞൂലുകളുണ്ട്. എന്റെ പേഴ്സണൽ ലൈഫിൽ അത്തരമൊരു അനുഭവമുണ്ടായിട്ടുണ്ട്. എന്റെ സീസണിൽ. ഞാൻ ബിഗ് ബോസിനകത്ത് നിൽക്കുന്ന സമയത്ത് എനിക്ക് ഭയങ്കര നെഗറ്റീവ് ഇമേജ് പുറത്തോട്ട് വരുന്ന സമയം. അതിനെ മാറ്റി പോസിറ്റീവ് ഇമേജാക്കി തരാമെന്ന് പറഞ്ഞ് എന്റെ വീട്ടിലെ സ്ത്രീകളോട് വിലപേശിയ ഒരു കക്ഷിയുണ്ട്. അയാൾ ബിഗ്‌ബോസിന്റെ ആരുമല്ല. അയാൾ ബിഗ് ബോസ് ക്രൂവിലെ മെമ്പർ മാത്രമാണ്. പക്ഷേ പുറത്തറിയുമ്പോൾ ബിഗ് ബോസിന്റെ ആൾ പറഞ്ഞെന്നേ വരൂ.

എന്റെ ജീവിതത്തിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. ബിഗ് ബോസിനകത്ത് ടാസ്‌കുമായി ബന്ധപ്പെട്ട് പ്രൊഡക്ഷൻസ് ഉണ്ട്. അതിനകത്ത് കുറേ ആളുകളുണ്ട്. അതിന്റെയകത്തെ ഒരു കക്ഷി, തനിക്കൊരു കുടുംബമുണ്ടെന്ന് അയാൾ കാലുപിടിച്ച് പറഞ്ഞു. ഞാൻ അയാളുടെ പേര് പറയാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. ഭാര്യയൊക്കെ അറിയപ്പെടുന്നയാളാണ്. കുടുംബത്തെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. നമ്മുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയുമൊക്കെ നമ്പർ ഇതിൽ കാണുമല്ലോ. രാത്രി വെള്ളമടിക്കുമ്പോൾ ഇവന് ആരെയെങ്കിലുമൊക്കെ വിളിക്കണം. ഇവൻ വിളിച്ചിട്ട് വളരെ മോശമായി എന്റെ വീട്ടിലെ സ്ത്രീകളോട് സംസാരിച്ചു. ഞാൻ അറിയുന്നത് പുറത്തിറങ്ങിയിട്ടാണ്,'- കിടിലം ഫിറോസ് വ്യക്തമാക്കി.

Advertisement
Advertisement