മന്ദഗതിയിൽ, മഴക്കാല ശുചീകരണം 

Monday 13 May 2024 12:27 AM IST
clean

@പടർന്നുപിടിച്ച് പകർച്ചവ്യാധികൾ

കോഴിക്കോട്: വെസ്റ്റ് നെെൽ, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി ... പകർച്ചവ്യാധികൾ നാടിനെ ഭീതിയിലാക്കുമ്പോഴും ജില്ലയിൽ മഴക്കാല പൂർവ ശുചീകരണം മന്ദഗതിയിൽ. ഓടകളും ജലാശയങ്ങളും മാലിന്യക്കൂമ്പാരമായി. കടുത്ത വേനലിൽ ആശ്വാസമായി മഴ പെയ്തതോടെ കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന തരത്തിൽ മലിനജലം നഗരത്തിന്റെ നിരവധി ഭാഗങ്ങളിൽ കെട്ടിനിൽക്കുകയാണ്.

വേനൽമഴ ശക്തമാകുന്നതിന് മുമ്പുതന്നെ ഓടകളും തോടുകളും മണ്ണെടുത്ത് ആഴംകൂട്ടി വൃത്തിയാക്കുന്ന ജോലികൾ പൂർത്തിയാക്കേണ്ടതുണ്ട്. മഴക്കാലപൂർവ ശുചീകരണം ശക്തമാക്കാൻ സർക്കാർ നിർദ്ദേശം നൽകുമ്പോഴും തദ്ദേശഭരണ സ്ഥാപനങ്ങളിൽ പ്രാഥമിക നടപടികൾ പോലും പൂർത്തിയായിട്ടില്ല. വാർഡ്തല സമിതികളാണ് എവിടെയെല്ലാം പ്രവൃത്തി നടത്തണമെന്ന കാര്യത്തിൽ താഴെ തട്ടിൽ തീരുമാനമെടുക്കേണ്ടത്. എന്നാൽ കോഴിക്കോട് കോർപറേഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രാഥമിക ചർച്ചകൾ മാത്രമേ നടന്നിട്ടുള്ളു.

കോർപറേഷൻ ഓരോ വാർഡുകൾക്കും 50,000 രൂപയാണ് മഴക്കാലപൂർവ ശുചീകരണത്തിന് അനുവദിച്ചത്. എന്നാൽ ചില വാർഡുകൾക്ക് ഈ തുക മതിയാവില്ലെന്നാണ് പരാതി. കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെടുന്ന വാർഡുകൾക്കാണ് ഫണ്ട് പരിമിതി പ്രശ്നമാവുക. വിസ്തൃതി ഏറെയുള്ള വാർഡുകൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ഓവുചാലുകളിലെ മണ്ണ് നീക്കുന്ന തൊഴിലാളികൾക്ക് 600 രൂപയാണ് വേതനമായി നിശ്ചയിച്ചിട്ടുള്ളത്. ഇത് താരതമ്യേന കുറഞ്ഞ കൂലിയാണെന്നാണ് തൊഴിലാളികൾ പറയുന്നത്. മാത്രമല്ല പൊള്ളുന്ന വേനലിൽ ശുചീകരണത്തിനു തൊഴിലാളികളെ കിട്ടാനില്ലാത്തതും പ്രതിസന്ധിയാകുന്നുണ്ട്.

@ചെലവഴിക്കാം

നഗരസഭാ വാർഡുകളിൽ 20,000 മുതൽ 25,000 രൂപവരെയാണ് ചെലവഴിക്കാൻ നിർദേശമുളളത്. പഞ്ചായത്ത് വാർഡുകളിൽ 10,000 രൂപ തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കാം. 10,000രൂപ ശുചിത്വമിഷൻ നൽകും. പല തദ്ദേശസ്ഥാപനങ്ങളും കർമപദ്ധതികൾ തയാറാക്കുന്നുണ്ട്. എന്നാൽ മഴക്കാലത്തിന് മുമ്പ് പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.

@ നിർദ്ദേശങ്ങൾ

1. ഉറവിടമാലിന്യ നിർമാർജന പ്രവർത്തനങ്ങൾ, ഓടകൾ വൃത്തിയാക്കൽ എന്നിവ നടത്തണം

2. വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് 100 ശതമാനം മാലിന്യത്തിന്റെ വാതിൽപ്പടി ശേഖരണം നടത്തണം.

3. പൊതുഇടങ്ങൾ മാലിന്യമുക്തമാക്കി വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണം

3.ജലാശയങ്ങളിലെ നീരൊഴുക്ക് സുഗമമാക്കണം.

4. വാർഡുതല ശുചിത്വസമിതികളുടെ പ്രവർത്തനം ഊർജിതപ്പെടുത്തണം.

5. കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമസേന, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയവയുടെ സഹകരണം ഉറപ്പാക്കണം.

6. മാലിന്യക്കൂനകൾ, വെള്ളക്കെട്ട് തുടങ്ങിയ സ്ഥലങ്ങളുടെ പട്ടിക തയാറാക്കണം

''കോർപ്പറേഷൻ ശുചീകരണത്തിന് ഫണ്ട് അനുവദിച്ചു എന്നല്ലാതെ ശുചീകരണം ഇനിയും തുടങ്ങിയിട്ടില്ല. പകർച്ചവ്യാധികൾ ഏറ്റവും കൂടുതലുള്ള കോർപ്പറേഷൻ പരിസരങ്ങളിൽ ശുചീകരണം തുടങ്ങാത്തത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കാണ് വഴിയൊരുക്കുന്നത്. മാത്രമല്ല പല വാർഡുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിരിക്കുകയാണ്. കനോലി കനാലിലെ ചെളി നീക്കം ചെയ്യുന്ന പ്രവൃത്തിയും എവിടെയുമെത്തിയില്ല''-

കെ.സി ശോഭിത,

കോർപറേഷൻ യു.ഡി.എഫ് കൗൺസിലർ

Advertisement
Advertisement