ഇത് വല്ലഭായി പട്ടേൽ മാവ്,​ 550 ഇനം മാങ്ങ പിടിക്കും

Monday 13 May 2024 12:00 AM IST
'പട്ടേൽ മാവിന്' മുമ്പിൽ അനീഷ്

തൃശൂർ: വീട്ടുവളപ്പിലെ 'സിന്ദൂരം' നാട്ടുമാവിൽ 550 ഇനം മാങ്ങ പിടിക്കുന്നത് കാത്തിരിക്കുകയാണ് അനീഷ്. ഒമ്പതു കൊല്ലം മുമ്പ് അനീഷ് നട്ട 'സിന്ദൂര'ത്തിൽ മൂന്നു വർഷംകൊണ്ട് 550 ഇനം മാവിന്റെ ചില്ലകൾ ബഡ് ചെയ്തു. അതിൽ15 ഇനം കായ്ച്ചു. രണ്ടു കൊല്ലംകൂടി കഴിയുമ്പോൾ എല്ലാം ഒരുമിച്ച് പൂക്കുമെന്നും കായ്ക്കുമെന്നുമാണ് പ്രതീക്ഷ.

തൃശൂർ വെസ്റ്റ് വെള്ളാനിക്കര സ്വദേശിയാണ് ‌വെള്ളാനിക്കര കാർഷിക സർവകലാശാലയിലെ ബഡിംഗ് തൊഴിലാളിയായ എം.വി.അനീഷ്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്ന് ശേഖരിച്ച മാങ്കൊമ്പുകളാണ് ഈ 42കാരൻ ബഡ് ചെയ്തത്. സർദാർ വല്ലഭായി പട്ടേൽ നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ചതുപോലെയാണിതെന്നാണ് അനീഷ് പറയുന്നത്. അതിനാൽ,​ പട്ടേൽ അഖണ്ഡഭാരത് മാംഗോ എന്നാണ് പേര്. ചന്ദ്രക്കാരൻ, പെരുമ്പുളിശ്ശേരി, പ്രിയൂർ, കേസർ, പുളിയൻ, നടശാല, കോട്ടപറമ്പൻ തുടങ്ങി പേരറിയുന്നതും അറിയാത്തവയുമുണ്ടിതിൽ. കാർഷിക സർവകലാശാലയിൽ നിന്നാണ് 200 ഇനം ശേഖരിച്ചത്.

'രാവണൻ' രാജ്ഭവനിലും


പ്ലസ് ടു (വി.എച്ച്.എസ്.സി) അഗ്രികൾച്ചർ പഠിച്ച അനീഷിന് 'എനിക്ക് ഒരു കൾച്ചറേ അറിയൂ, അത് അഗ്രികൾച്ചറാണ്' എന്ന പട്ടേൽ വചനമാണ് പ്രചോദനമായത്. ഒരു മാവിൽ പത്തിനം ബഡ് ചെയ്ത് 'രാവണൻ' എന്ന പേരിൽ മാവ് വികസിപ്പിച്ചാണ് 14 കൊല്ലം മുമ്പ് തുടക്കം. ഇതിന്റെ തൈ പി.സദാശിവം ഗവർണറായിരിക്കെ രാജ്ഭവന്റെ മുറ്റത്തും നട്ടിട്ടുണ്ട്. കാർഷിക സർവകലാശാലയിലെത്തിയ അദ്ദേഹം തൈ ആവശ്യപ്പെടുകയായിരുന്നു. ഈയിനത്തിന്റെ പേരു ചേർത്ത് അനീഷ് രാവണൻ എന്ന് അറിയപ്പെടാനാണ് താത്പര്യം.

Advertisement
Advertisement