കാലത്തിനൊപ്പം ചേല് മാറ്റി കാരാപ്പുഴ

Monday 13 May 2024 12:29 AM IST
കാരാപ്പുഴ ഡാമിലെ റൈഡുകളിലൊന്ന്

കാക്കവയൽ: കാലം മാറുമ്പോൾ ചേല് മാറ്റി സഞ്ചാരികളെ മാടിവിളിക്കുകയാണ് കാരാപ്പുഴ. മനം കുളിർക്കുന്ന കാഴ്ചകളും റൈഡുകളും വന്നതോടെ ഡാമിനൊരു ന്യൂജെൻ ലുക്കാണിപ്പോൾ. ഡാമിനോട് ചേർന്നുകിടക്കുന്ന പതിനാല് ഏക്കർ വിസ്തൃതിയുള്ള പാർക്കിൽ ആറ് പുതിയ സാഹസിക റൈഡുകളാണ് സ്ഥാപിച്ചിരിക്കുന്നത് .

1978ൽ ജലസേചനത്തിനായി തുടങ്ങിയ കാരാപ്പുഴ ഡാം ഇന്ന് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. കുട്ടികൾക്കുള്ള സൗജന്യ പാർക്കിനോടൊപ്പം, നാഷണൽ അഡ്വഞ്ചർ ഫൗണ്ടേഷനും, കാരാപ്പുഴ ഡാമും ചേർന്നൊരുക്കിയ ആറോളം സാഹസിക റൈഡുകളും ആർത്തുല്ലസിക്കാനായി സഞ്ചാരികളെ ആകർഷിക്കുന്നു. റൈഡുകൾക്ക് പുറമെ വർണാഭമായ പൂന്തോട്ടവും സഞ്ചാരികൾക്ക് കൗതുകമാണ്.

2013ൽ തുടങ്ങിയ ടൂറിസം പദ്ധതി 2024ൽ എത്തിനിൽക്കുമ്പോൾ പതിനാല് ഏക്കർ വിസ്തൃതിയിൽ വർണക്കാഴ്ചകളുടെ രസാനുഭവമാണ് ഒരുക്കുന്നത്. ഡാമിന്റെ പുരോഗതിയെ തുടർന്ന് പരിസരത്തുള്ള സ്ഥലത്തിന്റെ മൂല്യം ഉയരുകയും അതുപോലെ ഡാമിനകത്തും പുറത്തുമായി നിരവധി കടകളുടെ വരവ് വ്യാപാരത്തിനൊപ്പം വരുമാനമാർഗമായി മാറുകയുമാണ്. കാരാപ്പുഴയുടെ കാഴ്ചകൾ പൂർണമാകണമെങ്കിൽ അണക്കെട്ടിന്റെ ഭംഗി ആസ്വദിക്കാൻ കൂടെ കഴിയണം. എന്നാൽ അതിന് വിപരീതമായി അണക്കെട്ടിന് മുകളിലൂടെയുള്ള യാത്ര വിലക്കിയിരിക്കുകയാണ്. ചുട്ടുപൊള്ളുന്ന വേനലിൽ നിറഞ്ഞുനിൽക്കുന്ന അണക്കെട്ട് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ആ കാഴ്ചയെയാണ് അധികൃതർ നിരസിക്കുന്നതെന്ന് സഞ്ചാരികൾ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച മതിൽ പൊളിഞ്ഞതാണ് വിലക്കിന് കാരണം. തുടർന്ന് അണക്കെട്ടിന്റെ പകുതി ദൂരം മാത്രമേ സഞ്ചാരികൾക്ക് പ്രവേശനമുള്ളു. 2025 ഓടുകൂടി പുതിയ മതിൽ നിർമ്മാണം പൂർത്തിയാക്കി അണക്കെട്ട് പൂർണമായി തുറന്നുനൽകുമെന്ന് ഓവർസീയർ വൈശാഖ് പറഞ്ഞു.

നെഞ്ചിടിപ്പുകൂട്ടി റൈഡുകൾ

കാഴ്ചക്കാരുടെയും റൈഡിൽ പങ്കെടുക്കുന്നവരുടെയും നെഞ്ചിടിപ്പ് ഒരുപോലെ കൂട്ടുകയാണ് നാഷണൽ അഡ്വഞ്ചർ ഫൗണ്ടേഷൻ ഒരുക്കിയിരിക്കുന്ന കാരാപ്പുഴയിലെ ആറ് സാഹസിക റൈഡുകൾ. സ്‌പെയ്‌സ് ടവർ, ട്വിസ്റ്റർ, സിപ്‌ലൈൻ, ജയിന്റ് സ്വിങ്, ഫ്‌ളൈയിങ് ചെയർ, ട്രമ്പോലൈൻ പാർക്ക് തുടങ്ങിയവയാണ് പുതിയ റൈഡുകൾ. കേരളത്തിലെ ഏറ്റവും ദൈർഘ്യമുള്ള സിപ്പ് ലൈനും, ജീവിതത്തിൽ ഒരിക്കലെങ്കിലും കയറേണ്ട ജയിന്റ് സ്വിങുമാണ് ഇതിൽ ഏറ്റവും ആകർഷകം. സിപ് ലൈനിൽ ഒരേ സമയം രണ്ടുപേർക്കും, ജയിന്റ് സ്വിങിൽ മൂന്ന് പേർക്കും സഞ്ചാരിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന റൈഡുകൾക്ക് 80 മുതൽ 390 വരെയാണ് ചാർജ് ഈടാക്കുന്നത്.

ഇപ്പോഴുള്ളതിൽനിന്നും 25 മുതൽ 48 കിലോമീറ്റർ വരെ കനാൽ നിർമ്മാണ പദ്ധതിയും ബോട്ടിംഗ് വിനോദവും 2026 ഓടുകൂടി നടപ്പാക്കാൻ കഴിയും.

സന്ദീപ്

എക്‌സിക്യൂട്ടീവ് എൻജിനീയർ

Advertisement
Advertisement