റെയില്‍വേയുടെ പോക്കറ്റില്‍ കോടികള്‍ എത്തിക്കുന്നത് മലയാളികള്‍, കേരളത്തില്‍ ഏറ്റവും അധികം വരുമാനം ഈ സ്റ്റേഷനില്‍

Sunday 12 May 2024 9:49 PM IST

കണ്ണൂർ: സതേൺ റെയിൽവേ സ്റ്റേഷനിൽ വരുമാനത്തിൽ നേട്ടം കൈവരിച്ച് കണ്ണൂർ, കാസർകോട് റെയിൽവേ സ്റ്റേഷനുകൾ. 2023-24 വർഷത്തെ സതേൺ റെയിൽവേ സ്റ്റേഷനുകളുടെ വരുമാന നിരക്ക് പുറത്തു വന്നപ്പോൾ 16-ാം സ്ഥാനത്താണ് കണ്ണൂർ ഇടം പിടിച്ചത്. 113 കോടി 33 ലക്ഷത്തിലധികം വരുമാനമാണ് കണ്ണൂർ നേടിയത്. മംഗലാപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനേക്കാൾ വരുമാനം കണ്ണൂരിലാണ്. സംസ്ഥാനത്ത് ഏറ്റവും വരുമാനമുള്ള ഏഴാമത്തെ സ്‌റ്റേഷനായി കണ്ണൂർ.

വരുമാനത്തിൽ, തലശ്ശേരി റെയിൽവേ സ്‌റ്റേഷൻ സതേണിൽ 36-ാം സ്ഥാനത്തുണ്ട്. 39 കോടി 37 ലക്ഷത്തിനു മുകളിലാണ് വരുമാനം. സംസ്ഥാന തലത്തിൽ 16-ാം സ്ഥാനമാണ് തലശ്ശേരിക്ക്. 23 കോടി 71 ലക്ഷത്തിലധികം വരുമാനമുള്ള പയ്യന്നൂരിന് 41-ാം സ്ഥാനമാണ്.

എന്നാൽ വരുമാനത്തിൽ ഏറെ മുന്നിൽ നിൽക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ പിന്നിലാണ് മലബാറിലെ റെയിൽവെ സ്റ്റേഷനുകൾ. വർഷങ്ങൾ നീണ്ട പരാതികൾക്കൊടുവിലാണ് കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, മാഹി സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തിയിലേക്ക് ഏതാനും മാസം മുമ്പ് കടന്നത്. അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തിയാണ് നവീകരണ പ്രവൃത്തികൾ നടക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങൾക്കാകും കൂടുതൽ തുക വിനിയോഗിക്കുക. നിലവിലെ നടപ്പാതയ്ക്കു വീതി കുറവായതിനാൽ കൂടുതൽ ട്രെയിനുകളെത്തുന്ന സമയത്ത് യാത്രക്കാർ ഏറെ പ്രയാസപ്പെടാറുണ്ട്. ഈ സാഹചര്യത്തിൽ വീതി കൂടിയ നടപ്പാലം നിർമ്മിക്കാൻ തീരുമാനമായിട്ടുണ്ട്. പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കണമെന്ന ആവശ്യമാണ് നിലവിൽ ഉയരുന്നത്.

കണ്ണൂരിൽ 31.34 കോടിയുടെ വികസനം

31.34 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് റെയിൽവെ സ്റ്റേഷനിൽ നടപ്പിലാക്കുന്നത്. പുതിയ നടപ്പാലം, ലിഫ്റ്റ്, എസ്‌കലേറ്റർ എന്നിവയ്ക്കായി 13.77 കോടി രൂപയും റെയിൽവേ സ്റ്റേഷൻ പരിസരത്തു കൂടുതൽ പാർക്കിംഗ് സൗകര്യം, കിഴക്കേ കവാടത്തിൽ പുതിയ ബുക്കിംഗ് ഓഫിസ് ഉൾപ്പെടെ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ 17.57 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ യാത്രക്കാരുടെ വർഷങ്ങളായുള്ള പരാതി പരിഹരിക്കപ്പെടും.

കാസർകോടും പിന്നിലല്ല

സതേൺ റെയിൽവേ സ്‌റ്റേഷനുകളിൽ വരുമാനത്തിൽ 33-ാം സ്ഥാനത്താണ് കാസർകോട്. 47 കോടിയലധികം വരുമാനം കാസർകോടിനുണ്ട്. സംസ്ഥാനത്ത് 15-ാംസ്ഥാനത്താണ്. വന്ദേഭാരതിന്റെ വരവ് കാസർകോടിന്റെ വരുമാനം കൂട്ടിയിട്ടുണ്ട്. കാഞ്ഞങ്ങാട് സ്‌റ്റേഷന് സതേൺ റെയിൽവേയിൽ 58-ാം സ്ഥാനമുണ്ട്. 10 കോടി 21 ലക്ഷത്തിലധികമാണ് വരുമാനം. സംസ്ഥാന തലത്തിൽ 25-ാം സ്ഥാനത്താണ്.

Advertisement
Advertisement