ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

Monday 13 May 2024 12:25 AM IST

അമേരിക്ക രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

കൊച്ചി: അമേരിക്കയെ പിന്തള്ളി ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചൈനയിലേക്കുള്ള ഉഭയ കക്ഷി വ്യാപാരം 11,840 കോടി ഡോളറായാണ് ഉയർന്നത്. അവലോകന കാലയളവിൽ ചൈനയിലേക്കുള്ള കയറ്റുമതി 8.7 ശതമാനം ഉയർന്ന് 1,667 കോടി ഡോളറിലെത്തി. ഇരുമ്പയിര്, പരുത്തി നൂൽ, വസ്ത്രങ്ങൾ, കൈത്തറി, സുഗന്ധവ്യജ്ഞനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പ്ളാസ്റ്റിക്, ലിനോലിയം തുടങ്ങിയവയാണ് പ്രധാനമായും ഇന്ത്യ ചൈനയിലേക്ക് കയറ്റി അയക്കുന്നത്. ഇതോടൊപ്പം ചൈനയിൽ നിന്നുള്ള ഇറക്കുമതി 3.24 ശതമാനം വർദ്ധിച്ച് 10,170 കോടി ഡോളറിലെത്തി.

ഗ്ളോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവിന്റെ(ജി. ടി. ആർ. ഇ) കണക്കുകളനുസരിച്ച് ചൈനയിലേക്കുള്ള കയറ്റുമതിയിൽ 2019ന് ശേഷം 0.6 ശതമാനം ഇടിവുണ്ടായപ്പോൾ ഇറക്കുമതി 44.7 ശതമാനം ഉയർന്ന് 10,175 കോടി രൂപയിലെത്തി. ഇതോടെ ചൈനയുമായുള്ള വ്യാപാര കമ്മിയിൽ കഴിഞ്ഞ വർഷങ്ങളിൽ വൻ വർദ്ധനയാണ് ദൃശ്യമായത്. 2018-19 സാമ്പത്തിക വർഷത്തിൽ 5,537 കോടി ഡോളറായിരുന്ന വ്യാപാര കമ്മി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8,509 കോടി ഡോളറിലേക്ക് കുതിച്ചുയർന്നു.

2014-15 മുതൽ 2017-18 വരെ ചൈനയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. 2021-22 വർഷത്തിലും ചൈനയാണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. 2014-15 വരെ യു. എ. ഇയായിരുന്നു ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളി.

അമേരിക്കയുമായുള്ള വ്യാപാരത്തിൽ നേരിയ തളർച്ച

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അമേരിക്കയുമായുള്ള മൊത്തം വ്യാപാരം 11,830 കോടി ഡോളറാണ്. 2021-22, 2022-23 വർഷങ്ങളിൽ യു. എസായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. 2023-24 വർഷത്തിൽ അമേരിക്കയിലേക്കുള്ള കയറ്റുമതി 1.32 ശതമാനം കുറഞ്ഞ് 7,750 കോടി ഡോളറിലെത്തി. അതേസമയം ഇന്ത്യയിലേക്കുള്ള ഇറക്കുമതി 20 ശതമാനം കുറഞ്ഞ് 4,080 കോടി ഡോളറായി.

പത്ത് വർഷത്തിനിടെ ഇന്ത്യയുടെ വ്യാപാര ബന്ധങ്ങളിൽ കാതലായ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. ക്രൂഡോയിൽ ഇറക്കുമതിയിൽ അധിഷ്ഠിതമായ വ്യാപാരത്തിൽ നിന്ന് കൂടുതൽ ഉത്പന്നങ്ങളിലേക്കും വിപണികളിലേക്കും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

ഡോ. റെജി ജോസഫ്

രാജ്യാന്തര വ്യാപാര വിദഗ്ദ്ധൻ

Advertisement
Advertisement