എയർ ഇന്ത്യ എക്‌‌സ്‌പ്രസ് കേരളത്തിൽ ഇന്നലെ റദ്ദാക്കിയത് 8 സർവീസ്

Monday 13 May 2024 12:15 AM IST

തിരുവനന്തപുരം: ക്യാബിൻ ക്രൂ സമരം പിൻവലിച്ചിട്ട് ദിവസങ്ങളായെങ്കിലും കേരളത്തിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങളുടെ റദ്ദാക്കൽ തുടരുന്നു. കണ്ണൂർ- രണ്ട്, കരിപ്പൂർ- ഒന്ന്, കൊച്ചി- അഞ്ച് സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. തിരുവനന്തപുരത്ത് അന്താരാഷ്ട്ര സർവീസുകൾ മുടക്കമില്ലാതെ നടന്നു. ഇവിടേക്ക് എത്തേണ്ടിയിരുന്ന രണ്ട് ആഭ്യന്തര സർവീസുകൾ റദ്ദാക്കി.

കണ്ണൂരിൽ ഇന്നലെ രാവിലെ 6.45ന് മസ്കറ്റിലേക്കും 7.45ന് റിയാദിലേക്കുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതോടെ യാത്രക്കാർ വലഞ്ഞു. പുലർച്ചെ ജിദ്ദയിലേക്കുള്ള സർവീസ് പത്തു മണിക്കൂറോളം വൈകി. വൈകിട്ട് 6.25ന് അബുദാബിയിലേക്കുള്ള വിമാനവും മണിക്കൂറുകൾ വൈകി.

കരിപ്പൂരിൽ രാവിലെ 8.25ന് പുറപ്പെടേണ്ടിയിരുന്ന ദുബായ് സർവീസാണ് റദ്ദാക്കിയത്. കഴിഞ്ഞ ആറു ദിവസത്തിനിടെ 34 സർവീസുകളാണ് ഇവിടെ റദ്ദാക്കിയത്. മറ്റ് വിമാന കമ്പനികളെ ആശ്രയിക്കുന്നവർക്ക് വലിയ തുകയാണ് ചെലവാകുന്നത്.

കൊച്ചിയിൽ രാവിലെ 8.35ന് പുറപ്പെടേണ്ടിയിരുന്ന ദമാം, 9.30നുള്ള ബെഹ്റിൻ,

ഉച്ചയ്ക്ക് ഒന്നിനുള്ള ബംഗളൂരു, വൈകിട്ട് മൂന്നിനുള്ള കൊൽക്കത്ത, രാത്രി 9.40നുള്ള ഹൈദരാബാദ് വിമാനങ്ങളാണ് റദ്ദാക്കിയത്. വൈകിട്ട് 6.35ന് പുറപ്പെടേണ്ടിയിരുന്ന ദോഹ വിമാനം രാത്രി 11.15ലേക്ക് റീ ഷെഡ്യൂൾ ചെയ്തു. ദമാമിൽ നിന്ന് രാവിലെ 7.10നും ബെഹ്റിനിൽ നിന്ന് 8.05നും ഹൈദരാബാദിൽ നിന്ന് രാത്രി 9.10നും കൊച്ചിയിൽ എത്തേണ്ടിയിരുന്ന വിമാനങ്ങളും മുടങ്ങി. തിരുവനന്തപുരത്തേക്ക് എത്തേണ്ടിയിരുന്ന ബംഗളൂരു, ഹൈദരാബാദ് സർവീസുകളാണ് റദ്ദാക്കിയത്.

Advertisement
Advertisement