മത്സ്യക്ഷാമത്തിന് മറവിൽ പഴകിയ മീൻ വ്യാപകം

Monday 13 May 2024 9:09 PM IST

കൊച്ചി: മത്സ്യലഭ്യത കുറഞ്ഞതോടെ ജില്ലയിലടക്കം വീണ്ടും പഴകിയ മീൻ വില്പന വ്യാപകമായി. കഴിഞ്ഞ ദിവസം പിറവത്ത് പഴകിയ മീൻ കഴിച്ച് കുടുംബത്തിലെ നാലുപേർ വയറിളക്കവും ഛർദ്ദിയുമായി ചികിത്സ തേടി. ഫോർട്ടുകൊച്ചിയിലും സമാന സംഭവമുണ്ടായി.

അന്യസംസ്ഥാനങ്ങളിൽ നിന്ന് പഴകിയ മീനുകൾ രാസവസ്തുക്കൾ ചേർത്ത് എത്തിക്കുന്നതായി സംശയമുണ്ട്. പിറവത്ത് മത്സ്യം വിറ്റ കടയിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിൾ ശേഖരിച്ചു. പരിശോധനാ ഫലം വന്ന ശേഷം തുടർ നടപടികളുണ്ടാകും.

അന്യസംസ്ഥാനമത്സ്യം പരിശോധിക്കുന്നതിന് കഴിഞ്ഞ മാസം ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ ഡ്രൈവ് നടത്തിയിരുന്നു. ചമ്പക്കര ഫിഷ് മാർക്കറ്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഇതിൽ പഴകിയ 15 കിലോ അയല പിടികൂടി നശിപ്പിച്ചു.ചൂട് സമയമായതിനാൽ കേരളത്തിൽ മത്സ്യലഭ്യത കുറവാണ്. ഒരു വർഷം 9.25 ലക്ഷം ടൺ മത്സ്യമാണ് കേരളത്തിനാവശ്യം. എന്നാൽ കേരളത്തിലെ കടലിൽ നിന്ന് ആറുലക്ഷം ടൺ മാത്രമേ ലഭിക്കൂ. ബാക്കി മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്.

പരിശോധനാ കിറ്റില്ല

മീനിലെ രാസസാന്നിദ്ധ്യം കണ്ടെത്താൻ ആറുവർഷം മുമ്പ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്)​ വികസിപ്പിച്ച പരിശോധനാ കിറ്റ് ഇപ്പോൾ വിപണിയില്ല. എത്രയും വേഗം ഈ കിറ്റ് ലഭ്യമാക്കണമെന്ന ആവശ്യം മത്സ്യത്തൊഴിലാളികൾക്കിടയിൽ ശക്തമാണ്. സിഫ്റ്റ് 2018ൽ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തത്. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന കിറ്റിന്റെ പേറ്റന്റ് സ്വന്തമാക്കിയത് മുംബയ് ആസ്ഥാനമായ ഹൈ മീഡിയ കമ്പനിയായിരുന്നു. 342 രൂപ വിലയുള്ള ഒരു കിറ്റിൽ നിന്ന് 25 തവണ പരിശോധന നടത്താം.

ജില്ലയിലെ പരിശോധന

ആകെ പരിശോധന-4

ശേഖരിച്ച സാമ്പിൾ- 4

അപാകതകൾ പരിഹരിക്കാനുള്ള നോട്ടീസ്- 1

കേരളത്തിലേക്ക് വ്യാപകമായി പഴകീയ മീനുകൾ എത്തുന്നുണ്ട്. ചാള,​ അയല എന്നിവ ഗോവ, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് എത്തുന്നത്. ഇവയിൽ ഫോർമാലിൻ അടക്കമുള്ളവ ചേർക്കുന്നുണ്ട്. ഇത് തടയാൻ ചെക് പോസ്റ്റുകളിൽ വച്ചുതന്നെ പരിശോധന നടത്തണം.

ചാൾസ് ജോർജ്

സംസ്ഥാന പ്രസിഡന്റ്

മത്സ്യത്തൊഴിലാളി ഐക്യവേദി

Advertisement
Advertisement