ഫയൽവേഗം കൂട്ടാൻ സെക്രട്ടേറിയറ്റിൽ മിടുക്കൻമാർ വേണം, കഴിവുള്ളവരെ  കണ്ടെത്തി  ചുമതല  നൽകാൻ ശുപാർശ

Tuesday 14 May 2024 4:42 AM IST

തിരുവനന്തപുരം:സെക്രട്ടേറിയറ്റിൽ മിടുക്കരായ ഉദ്യോഗസ്ഥരുടെ വിജ്ഞാന

ബാങ്കുണ്ടാക്കണമെന്ന് ഭരണ പരിഷ്കാര വിദഗ്ദ്ധ സമിതി റിപ്പോർട്ടിൽ ശുപാർശ.

ഓഫീസുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും പ്രവർത്തനവേഗം കൂട്ടാനും ഇത്തരം ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തണം.

ഇവർ ഫയലുകൾ അതിവേഗം പഠിക്കാനും വിഷയം ഉൾക്കൊള്ളാനും ചടുലമായി തീരുമാനങ്ങൾ എടുക്കാനും പ്രാപ്തിയുള്ളവരായിരിക്കും. ചെറിയ സംശയത്തിന്റെ പേരിലും ഫയലുകൾവച്ചുതാമസിപ്പിച്ചും കൈമാറിയും കാലതാമസം വരുത്തുന്ന പ്രവണത വ്യാപകമാണ്.ഇതിനെ മറികടക്കാൻ വിജ്ഞാനബാങ്കിലുള്ളവർക്ക് കഴിയും. അവർക്ക് ഓഫീസുകളുടെ നിയന്ത്രണത്തിൽ കാര്യമായ പങ്കാളിത്തം ഉണ്ടാവണം.

കെട്ടിക്കിടക്കുന്ന ഫയലുകൾ പെരുകുന്നത് തടയാൻ പൊതുഭരണ വകുപ്പ് മുൻ ജോയന്റ് സെക്രട്ടറി ആർ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയാണ് ഈ ശുപാർശകൾ നൽകിയിരിക്കുന്നത്.

ഫോൺ കോളിൽ തീരുന്ന സംശയങ്ങൾക്കുപോലും ഫയലുകൾ പല തട്ടുകളിലേക്ക് തള്ളിവിടുന്ന കാലഹരണപ്പെട്ട സംവിധാനമാണ് ഫയലുകൾ കെട്ടിക്കിടക്കാൻ കാരണം.

മികവിന്റെ മാനദണ്ഡം

നിയമ പരിജ്ഞാനം, കാര്യക്ഷമത,കമ്പ്യൂട്ടർ അടക്കമുളള സാങ്കേതിക സംവിധാനത്തോട് ആഭിമുഖ്യം,ഉയർന്ന വിദ്യാഭ്യാസ യോഗ്യത,മത്സരപ്പരീക്ഷകളിലെ മികവ്, യോഗ,അക്രോബാറ്റിക് വ്യായാമങ്ങൾ എന്നിവയിലെ മികവ് തുടങ്ങി വിവിധ കാര്യങ്ങൾ കണക്കിലെടുത്താവണം വിജ്ഞാന ബാങ്കിലേക്ക് ഉദ്യോഗസ്ഥരെ കണ്ടെത്തേണ്ടത്.

ഇ-ഓഫീസിന് പോരായ്മ

ഇ-ഓഫീസ് സംവിധാനം അക്ഷരത്തെറ്റുപോലും കണ്ടെത്താൻ കഴിയാത്ത തരത്തിൽ പോരായ്മയുള്ളതാണ് . ഇ-ഓഫീസ്,ഇൻട്രാ ഓഫീസ്,ഇൻട്രാ ഓഫീസ് കമ്മ്യൂണിക്കേഷൻ തുടങ്ങിയവ മെച്ചപ്പെടുത്തണം.ഇ- ഓഫീസ് തുടങ്ങിയിട്ടും ഒരേ കാര്യത്തിന് പലപ്പോഴായി നൽകുന്ന പരാതികളും അപേക്ഷകളും പുതിയ ഫയലുകളായി പെരുകുന്നു.

പ്രൊമോഷൻ മാനദണ്ഡം മാറ്റണം

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അധികപരിഗണന നൽകി പ്രൊമോഷൻ നൽകുന്ന സംവിധാനം പരിഷ്ക്കരിക്കണം.

അവരുടെ പ്രാപ്തിവിലയിരുത്തുന്ന പരീക്ഷകൾവേണം.

സാങ്കേതിക കാര്യങ്ങളോട് വിമുഖതയുള്ളവരെ കണ്ടെത്തി പരിശീലനം നൽകുകയോ, പുനർവിന്യസിക്കുകയോ വേണം

സ്പാർക്ക് സോഫ്റ്റ്

വെയറിന് വേഗതയില്ല

ജീവനക്കാരുടേയും പെൻഷൻകാരുടേയും കാര്യങ്ങൾ നിർവഹിക്കുന്ന സ്പാർക്ക് സോഫ്റ്റ് വെയർ വേഗതയില്ലാത്തതും കൈകാര്യം ചെയ്യാൻ പ്രയാസമുള്ളതുമാണ്.ഇത് ഭരണവേഗം കൂട്ടാനുള്ള നടപടികളെ പ്രതികൂലമായി ബാധിക്കുന്നു.

ജില്ലാതലത്തിൽ സ്പാർക്കിന് സപ്പോർട്ടിംഗ് സംവിധാനം വേണം. സെർവർ സ്പീഡ് എങ്കിലും വർദ്ധിപ്പിക്കണം. വേഗത്തിൽ ചെയ്യാൻ കഴിയുന്ന തരത്തിൽ മെനു സംവിധാനം പരിഷ്ക്കരിക്കണം.

Advertisement
Advertisement