പെൻഷൻകാർക്ക് പ്രഹരം: വിരമിക്കൽ ആനുകൂല്യം തവണകളാക്കാൻ നീക്കം

Tuesday 14 May 2024 4:57 AM IST

ട്രഷറിയിലേക്ക് മാറ്റി ഉയർന്ന
പലിശ വാഗ്ദാനം ചെയ്യും

തിരുവനന്തപുരം: ഈ മാസം വിരമിക്കുന്ന പതിനാറായിരത്തിലേറെ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യം തവണകളായി നൽകാൻ ആലോചന. സർക്കാർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായതാണ് കാരണം. തുക ട്രഷറിയിലേക്ക് മാറ്റി ആകർഷകമായ പലിശ നൽകാമെന്നും അത്യാവശ്യക്കാർക്ക് തവണകളായി വിതരണം ചെയ്യാമെന്നും കണക്കുകൂട്ടുകയാണ് സർക്കാർ.‌

ട്രഷറി ഇടപാടുകൾക്ക് നിലവിൽ നിയന്ത്രണമുണ്ട്. വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി 22ന് എത്തുന്നതോടെ തീരുമാനമെടുക്കും. പെൻഷൻ പ്രായം വർദ്ധിപ്പിക്കുകയാണ് മറ്റൊരു പോംവഴി. യുവജനങ്ങളുടെ എതിർപ്പു മൂലം അത് നടക്കാത്തകാര്യമാണ്. പെൻഷൻപ്രായം കൂട്ടിയാൽ വൻ സാമ്പത്തിക ബാദ്ധ്യത തത്കാലം ഒഴിവാക്കാനാകും.

വിരമിക്കൽ ആനുകൂല്യം മരവിപ്പിച്ചുനിറുത്തിയാൽ നിയമപ്രശ്നങ്ങൾക്കിടയാക്കും. അതുകൊണ്ടാണ് തവണകളായി കൊടുക്കാൻ ആലോചിക്കുന്നത്. ജീവനക്കാർക്ക് ക്ഷാമബത്ത കുടിശികയായി നൽകാനുള്ള 22500 കോടിയും ശമ്പളപരിഷ്ക്കരണ കുടിശികയായ 15000കോടിയും സാമ്പത്തിക പ്രതിസന്ധി മൂലം മരവിപ്പിച്ചിരിക്കുകയാണ്.

സംസ്ഥാനത്തിന്റെ പൊതുവായ്പാ ലഭ്യതയിൽ കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണമേർപ്പെടുത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഈ വർഷം എടുക്കാവുന്ന വായ്പയുടെ അറിയിപ്പുപോലും കിട്ടിയിട്ടില്ല.

വരുമാനവർദ്ധനവിനായി ഒരു പദ്ധതിയും സർക്കാരിന് മുന്നിലില്ല. കൂടുതൽ വായ്പയെടുക്കാൻ അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

വിഷുവും റംസാനും പ്രമാണിച്ച് രണ്ടു ഗഡു സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശിക നൽകിയെങ്കിലും അത് കഴിഞ്ഞ വർഷം ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലേത് ആയിരുന്നു. അതിനുശേഷമുള്ള ആറുമാസത്തേത് കൊടുത്തിട്ടില്ല. സാമൂഹ്യ സുരക്ഷാ പെൻഷൻ ജനങ്ങളുടെ അവകാശമല്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

വിരമിക്കുന്നവർക്ക് 14 ലക്ഷം മുതൽ

1.25 കോടിവരെ കൊടുക്കണം

16,​638:

ഈ മാസം

വിരമിക്കുന്നവർ

9151.31കോടിരൂപ:

പെൻഷൻ ആനുകൂല്യം

നൽകാൻ വേണ്ട തുക

Advertisement
Advertisement