സി.ബി.എസ്.ഇ 10, 12 ഫലം: കേരളം വീണ്ടും ഒന്നാമത്

Tuesday 14 May 2024 4:17 AM IST

കൊച്ചി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ളാസ് പരീക്ഷാഫലത്തിൽ കേരളവും ലക്ഷദ്വീപും ഉൾപ്പെട്ട തിരുവനന്തപുരം മേഖല ദേശീയതലത്തിൽ തുടർച്ചയായ പത്താം വർഷവും ഒന്നാം സ്ഥാനത്ത്. പത്താം ക്ളാസിൽ 93.60 ശതമാനം, പന്ത്രണ്ടാം ക്ളാസിൽ 99.91 ശതമാനം എന്നിങ്ങനെയാണ് വിജയം. ദേശീയതലത്തിൽ ഇത് യഥാക്രമം 93.60 ശതമാനം, 87.98 ശതമാനം വീതമാണ്.

കേരളത്തിൽ പത്താം ക്ളാസിൽ 150 ഉം പന്ത്രണ്ടിൽ 26 ഉം വിദ്യാർത്ഥികൾ മാത്രമേ തുടർപഠനത്തിന് യോഗ്യത നേടാത്തതായുള്ളൂ. ഇവർക്ക് മാർക്ക് കുറഞ്ഞ വിഷയങ്ങളിൽ ജൂലായ് ആദ്യവാരം നടക്കുന്ന കമ്പാർട്ട്മെന്റ് പരീക്ഷ എഴുതാം. ഇവരും യോഗ്യത നേടിയാൽ സമ്പൂർണ വിജയം നേടുന്ന സംസ്ഥാനമായി കേരളം മാറും. ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാർക്ക് വേണമെന്നാണ് സി.ബി.എസ്.ഇയുടെ വ്യവസ്ഥ.

ഇന്നലെ രാവിലെ പന്ത്രണ്ടിലെയും ഉച്ചകഴിഞ്ഞ് പത്തിലെയും ഫലങ്ങൾ പ്രസിദ്ധീകരിച്ചു. മുൻവർഷം ദേശീയതലത്തിൽ പത്തിൽ 93.12 ഉം പന്ത്രണ്ടിൽ 87.33ഉം ശതമാനം വീതമായിരുന്നു വിജയം.

കേരളത്തിൽ പന്ത്രണ്ടിൽ 40,120 ഉം, പത്തിൽ 60,520 ഉം വിദ്യാർത്ഥികൾ പരീക്ഷയെഴുതി. പത്ത് വരെ അഫിലിയേഷനുള്ള 1,400 ഉം പന്ത്രണ്ട് വരെയുള്ള 1,000 ഉം സ്‌കൂളുകൾ തിരുവനന്തപുരം മേഖലയിൽ പ്രവർത്തിക്കുന്നു.

Advertisement
Advertisement