കടലോളം കരുതലൊരുക്കി ഫെഡറൽ ബാങ്ക്

Tuesday 14 May 2024 2:00 AM IST

നാഗർകോവിൽ : മത്സ്യത്തൊഴിലാളികളായ സ്ത്രീകൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കി കടലിനോട് മല്ലിട്ട് ജീവിതം നയിക്കുന്നവർക്ക് പ്രത്യാശയുടെ പുതുജീവിതം സമ്മാനിക്കുകയാണ് ഫെഡറൽ ബാങ്ക്.
നാഗർകോവിൽ, അരുമനൈ, മാർത്താണ്ഡം എന്നിവിടങ്ങളിലെ സ്ത്രീ തൊഴിലാളികളുടെ ജീവിതത്തിനാണ് ഫെഡറൽ ബാങ്ക് നിറച്ചാർത്തണിയിച്ചത്. തീരദേശ വികസന ഗ്രൂപ്പിന്റെ സഹായത്തോടെ അഞ്ഞൂറിലധികം വരുന്ന സ്വയം സഹായ സംഘങ്ങളിൽ അംഗങ്ങളായുള്ള പതിനായിരത്തിലധികം പേർക്ക് 35 കോടി രൂപയാണ് വായ്പയായി നൽകിയത്. അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും മറ്റ് ചെലവുകൾക്കുമാണ് ഭൂരിഭാഗം പേരും വായ്പ എടുത്തിട്ടുള്ളത്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകി അവരെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫെഡറൽ ബാങ്ക് വായ്പ നൽകുന്നത്.
തീരദേശ മേഖലയിലുള്ള മത്സ്യത്തൊഴിലാളികൾക്ക് കുറഞ്ഞനിരക്കിൽ വായ്പ അനുവദിക്കുന്നതിലൂടെ സമൂഹത്തോടുള്ള ഫെഡറൽ ബാങ്കിന്റെ പ്രതിബദ്ധതയാണ് വെളിപ്പെടുന്നതെന്ന് തമിഴ്‌നാട് ക്ഷീര വികസന വകുപ്പ് മന്ത്രി മനോ തങ്കരാജ് അഭിപ്രായപ്പെട്ടു.

സാമ്പത്തിക ഉൾക്കൊള്ളൽ പദ്ധതികൾക്ക് സമൂഹത്തിൽ വരുത്താനാവുന്ന മാറ്റങ്ങളുടെ ഉത്തമോദാഹരണമായി വായ്പാപദ്ധതിയുടെ വിജയത്തെ വിലയിരുത്താമെന്ന് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും ശാഖ ബാങ്കിംഗ് മേധാവിയുമായ ഇക്ബാൽ മനോജ് പറഞ്ഞു.

Advertisement
Advertisement