10 വർഷം തടവ് കിട്ടാവുന്ന കുറ്റം പൊലീസിനെ പേടിയില്ല, നാടുനീളെ ആക്രമണം

Tuesday 14 May 2024 12:48 AM IST

തിരുവനന്തപുരം: ക്രിമിനലുകളുടെയും മാഫിയകളുടെയും പേടിസ്വപ്‌നമായിരുന്ന പൊലീസ് നാടുനീളെ ആക്രമണം നേരിടുന്ന സ്ഥിതിയായി. രാഷ്‌ടീയ-മാഫിയ സംഘങ്ങളുടെയും ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും താത്പര്യത്തിനനുസരിച്ച് നിയമസംവിധാനം പൊലീസ് അട്ടിമറിക്കുന്നതിന്റെ ഫലമാണിത്. പൊലീസിന്റെ സാന്നിദ്ധ്യത്തിലും അക്രമസംഭവങ്ങൾ ഉണ്ടാവുന്നു.

പൊലീസിനു നേർക്ക് ബോംബും സ്ഫോടകവസ്തുക്കളും എറിയുന്നതും ആക്രമിക്കുന്നതും 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാകുറ്റമാണ്.

സർക്കാരുദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടഞ്ഞാൽ ഐ.പി.സി-353 വകുപ്പനുസരിച്ച് രണ്ടുവർഷം തടവു കിട്ടാം. മുറിവേൽപ്പിച്ചാൽ 332 പ്രകാരം 3 വർഷം തടവാണ്. ഗുരുതരമായി മുറിവേൽപ്പിച്ചാൽ 333 പ്രകാരം 10 വർഷത്തെ ജയിൽശിക്ഷയാണ്. കൈഓങ്ങുക, വാഹനം തടയുക, ബലപ്രയോഗം നടത്തുക, നടപടികൾ തടയുക എന്നിവയും ഈ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരും.

പൊലീസിനോട്

കാട്ടിയ പരാക്രമം

#കഴക്കൂട്ടത്ത് ഉത്സവത്തിലെ സംഘർഷം തടഞ്ഞ പൊലീസുകാരന്റെ തലയ്ക്ക് കമ്പികൊണ്ടടിച്ചു.

#കണിയാപുരത്ത് പൊലീസിനുനേരെ പെട്രോൾ ബോംബും മഴുവും.

# കണ്ണൂരിൽ പട്രോളിംഗ് ജീപ്പിനുനേർക്ക് മൂന്ന് ഐസ്ക്രീം ബോബുകളെറിഞ്ഞു.

# പുതുവത്സരാഘോഷത്തിനിടെ കാസർകോട്ട് ബേക്കൽ സ്റ്റേഷനിലെ എ.എസ്.ഐയ്ക്ക് വെട്ടേറ്റു.

#കഞ്ചാവ് വില്പന പിടികൂടിയപ്പോൾ പെപ്പർ സ്പ്രേ ആക്രമണമുണ്ടായത് കടയ്ക്കലിൽ.

# ട്രെയിനിലെ മോഷണം പിടികൂടിയതിന് വർക്കലയിൽ റെയിൽവേ പൊലീസിനെ ആക്രമിച്ചു

#കണ്ണൂരിൽ വാഹനപരിശോധനയ്ക്കിടെ എസ്.ഐയെ കാറിന്റെ താക്കോൽ കൊണ്ട് കുത്തി.

#പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലെ എയ്ഡ്പോസ്റ്റ് ആക്രമിച്ചു, യൂണിഫോം വലിച്ചുകീറി.

#കണ്ണൂർ പൊതുവാച്ചേരിയിൽ പൊലീസിനെ ആക്രമിക്കുകയും ജീപ്പ് തകർക്കുകയും ചെയ്തു

#കഠിനംകുളം സ്റ്റേഷനിൽ കാപ്പാ പ്രതി പൊലീസിനെ ആക്രമിച്ചു.

# വിഴിഞ്ഞം സ്റ്റേഷനിൽ പൊലീസുദ്യോഗസ്ഥരെ കൂട്ടത്തോടെ ആക്രമിച്ചു. ആംബുലൻസ് തടഞ്ഞിട്ടു

പോംവഴി

1.സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥർക്ക് ക്രമസമാധാന പരിപാലനരംഗത്ത് അവസരം നൽകണം.

2. നീതി നടപ്പാക്കുന്നു എന്ന് ജനങ്ങൾക്ക് ബോദ്ധ്യം വരുന്ന വിധത്തിൽ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടിയെടുക്കണം.

3. നിയമവ്യവസ്ഥയെ മാനിക്കാൻ സമൂഹവും തയ്യാറാവണം.

`പൊലീസ് ജനസൗഹൃദമായത് ഒരുവിഭാഗം ദൗർബല്യമായി കാണുന്നു. സമൂഹം മാറാതെ പൊലീസ് മാറിയതിന്റെ കുഴപ്പമാണ്. പത്തുവർഷം മുൻപുവരെ ഇതായിരുന്നില്ല സ്ഥിതി.'

-സി.ആർ.ബിജു

ജന.സെക്രട്ടറി

പൊലീസ് അസോസിയേഷൻ

Advertisement
Advertisement