പ്രണയപ്പക:വിഷ്ണുപ്രിയ വധക്കേസിൽ  ജീവപര്യന്തം

Tuesday 14 May 2024 1:51 AM IST

തലശ്ശേരി: പ്രണയപ്പകയിൽ പാനൂർ വള്ള്യായി കണ്ണച്ചാങ്കണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ പ്രതി കൂത്തുപറമ്പ് മാനന്തേരി കളത്തിൽ ഹൗസിൽ ശ്യാംജിത്തിന് (27) ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും.

വീട്ടിൽ അതിക്രമിച്ച് കയറിയതിന് പത്തുവർഷം തടവും 25000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.തലശ്ശേരി അഡിഷണൽ ജില്ലാ കോടതി(ഒന്ന്) ജഡ്ജി എ.വി മൃദുലയാണ് ശിക്ഷ വിധിച്ചത്.

വിഷ്ണുപ്രിയയുടെ സഹോദരിക്കൊപ്പം ബി.കോം പഠിച്ചയാളാണ് ശ്യാംജിത്. പരിചയം സൗഹൃദമായി. പിന്നീട് വിഷ്ണുപ്രിയ അടുപ്പം കാണിക്കാത്തതാണ് വിരോധത്തിനു കാരണമായത്.

2022 ഒക്ടോബർ 22നായിരുന്നു കൊലപാതകം. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവും ശാസ്ത്രീയ തെളിവുകളുമാണ് പരിഗണിച്ചത്.

കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു. കൈയിലും കാലിലും മാറിലും ആഴമേറിയ മുറിവുകളുണ്ടായിരുന്നു. തലയ്ക്ക് പിന്നിൽ ചുറ്റിക കൊണ്ട് ശക്തമായ അടിയേറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.

പ്രവാസിയായിരുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളായ വിഷ്ണുപ്രിയ പാനൂർ ന്യൂക്ലിയസ് ക്ലിനിക്കിൽ ഫാർമസിസ്റ്റായിരുന്നു.

പ്രധാനസാക്ഷി വീഡിയോ

കോൾ ചെയ്ത സുഹൃത്ത്

2023 സെപ്തംബർ 21നാണ് വിചാരണ തുടങ്ങിയത്.

ശാസ്ത്രീയ തെളിവുകളാണ് നിർണായകമായത്. സംഭവദിവസം രാവിലെ അമ്മയും സഹോദരിയും സമീപത്തെ മരണവീട്ടിൽ പോയതിനാൽ വിഷ്ണുപ്രിയ തനിച്ചായിരുന്നു. സുഹൃത്ത് പൊന്നാനി പനമ്പാടിയിലെ വിപിൻ രാജുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ശ്യാംജിത്ത് അതിക്രമിച്ചുകയറി ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി കഴുത്തറുത്തു കൊന്നത്. വിപിൻ രാജാണ് പ്രധാന സാക്ഷിയായത്. ആയുധം വാങ്ങിയതിന്റെയും പാനൂരിൽ എത്തിയതിന്റെയും സി.സി.ടി.വി ദൃശ്യങ്ങളും ശക്തമായ തെളിവായി.

പ്രതീക്ഷിച്ച വിധിയാണെന്നും പൊലീസ് മികച്ച രീതിയിൽ കേസ് അന്വേഷിച്ചെന്നും പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ പ്രതികരിച്ചു

പ്രതിഭാഗത്തിന് വേണ്ടി അഡ്വ. എസ്. പ്രവീൺ, അഡ്വ. അഭിലാഷ് മാത്തൂർ എന്നിവരാണ് ഹാജരായത്.

Advertisement
Advertisement