പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ്; എം.വി.ഡി ഉദ്യോഗസ്ഥന്റെ മകൾക്ക് പരാജയം

Tuesday 14 May 2024 12:52 AM IST

തിരുവനന്തപുരം:ഡ്രൈവിംഗ് സ്‌കൂൾ സംഘടനകളുടെ പ്രതിഷേധങ്ങൾക്കിടയിൽ തിരുവനന്തപുരം മുട്ടത്തറയിൽ പൊലീസ് കാവലിൽ മോട്ടോർ വാഹന വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തി . പൊലീസ് സംരക്ഷണനയിൽ നടന്ന ടെസ്റ്റിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ മകളടക്കം പങ്കെടുത്ത മൂന്ന് പേരും പരാജയപ്പെട്ടു.

റോഡ് ടെസ്റ്റിന് ശേഷം മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർ വിനോദിന്റെ മകളാണ് 'എച്ച്" എടുക്കാനെത്തിയത്.ടെസ്റ്റിനായി കൊണ്ടു വന്ന കാറിന്റെ പിൻഭാഗം അപകടത്തിൽപ്പെട്ട് തകർന്ന നിലയിലായിരുന്നു. പിന്നിലെ ഡോറിന്റെ ഭാഗം ഇടിയിൽ ചളുങ്ങിയത് ചൂണ്ടിക്കാട്ടി റോഡ് ടെസ്റ്റിനിടെയുണ്ടായ അപകടമാണിതെന്നും തോറ്റയാൾക്ക് ടെസ്റ്റ് നടത്തുവെന്നും ആരോപിച്ച് പ്രതിഷേധക്കാർ വാഹനം തടഞ്ഞു. പൊലീസ് ഇടപെട്ട് പെൺകുട്ടിയെയും ഇരുചക്രവാഹന ടെസ്റ്റിനെത്തിയ മറ്റ് രണ്ടു പേരെയും അകത്തേക്ക് കയറ്റി വിട്ടു. തുടർന്ന് കാറിന്റെ 'എച്ച് 'ടെസ്റ്റ് നടത്തിയെങ്കിലും പെൺകുട്ടിയും, ഇരുചക്ര വാഹനത്തിന്റെ ടെസ്റ്റിനെത്തിയ രണ്ടു പേരും തോറ്റു. പെൺകുട്ടിയെ പുറത്തു കാത്തുനിന്ന പ്രതിഷേധക്കാർ കൂകി വിളിച്ചാണ് വിട്ടത്.. പിന്നാലെ വാഹനത്തിന് മുന്നിൽ നിന്ന് സമരക്കാർ ആഹ്ലാദ പ്രകടനം നടത്തി. 10 ദിവസത്തിനിടെ ആദ്യമായാണ് മുട്ടത്തറയിൽ ടെസ്റ്റ് നടക്കുന്നത്.

അതേസമയം, ടെസ്റ്റിനെത്തിയ മകളെയും തന്നെയും ചിലർ തടയുകയും അസഭ്യം പറയുകയും ചെയ്തെന്നാരോപിച്ച് മോട്ടോർ വെഹിക്കിൾ ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായി വിനോദ് വലിയതുറ പൊലീസിൽ പരാതി നൽകി. കോഴിക്കോട് ചേവായൂരിൽ ഡ്രൈവിങ് ടെസ്റ്റിനെത്തിയ ആളെ സമരക്കാർ തടഞ്ഞില്ല .

സെക്രട്ടറിയേറ്റിന്

മുന്നിൽ സമരം

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ ഡ്രൈവിങ് സ്കൂൾ സംഘടനകളുടെ സംയുക്ത സമര സമിതി സമരം നടത്തി. നാളെ മുതൽ ബഹിഷ്ക്കരണ സമരം കൂടുതൽ ശക്തമാക്കുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.

സെക്രട്ടേറിയറ്റ് മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സി.ഐ.ടി.യു ഒഴികെ എല്ലാ സംഘടനകളും സമരത്തിന്റെ ഭാഗമായി.15 വർഷം കഴിഞ്ഞ വാഹനങ്ങൾ ടെസ്റ്റിന് പാടില്ലെന്ന് പറയുന്ന മന്ത്രിക്ക് കെ.എസ് ആർ.ടി.സി ബസുകളുടെ കാലപ്പഴക്കത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് സമരം ഉദ്‌ഘാടനം ചെയ്ത എം.വിൻസന്റ് എം.എൽ. എ ചോദിച്ചു.

Advertisement
Advertisement