ഹരിഹരന്റെ വീടിനുനേരെയുള്ള അക്രമം സി.പി.എം അറിവോടെ: ആർ.എം.പി.

Tuesday 14 May 2024 12:53 AM IST

കോഴിക്കോട്: കെ.എസ്.ഹരിഹരന്റെ വീടിനുനേരെയുള്ള അക്രമം സി.പി.എമ്മിന്റെ അറിവോടെയെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു. ഹരിഹരന്റെ മാപ്പു പറയലുകൊണ്ട് വിഷയം അവസാനിക്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞതിന് പിന്നാലെയാണ് വീടിനുനേരെ ബോംബേറുണ്ടായത്. കണ്ണൂരിലെ ബോംബ് രാഷ്ട്രീയം കേരളത്തിലാകെ വ്യാപിപ്പിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നും വേണു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി.പി.എം സംഘടനകളാണ് അക്രമത്തിന് പിന്നിൽ. ഇത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ്. സംഭവത്തിന് തൊട്ടുമുമ്പ് അവിടെ നടന്ന സി.പി.എം പ്രകടനത്തിൽ കൊലവിളി ഉണ്ടായിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ ബൈക്കും കാറുമെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. വടകരയിലെ പ്രസംഗത്തിൽ പറയാൻ പാടില്ലാത്തതാണ് ഹരിഹരൻ പറഞ്ഞത്. പാർട്ടി അത് അപ്പോൾതന്നെ തിരുത്തുകയും ഹരിഹരൻ പൊതുസമക്ഷം മാപ്പ് പറയുകയും ചെയ്തു. അതോടെ തീരേണ്ടതാണ് വിഷയം. അതുകഴിഞ്ഞിട്ടും ഇതുകൊണ്ടൊന്നും തീരില്ലെന്ന കൊലവിളിയാണ് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നത്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവനും രമയ്‌ക്കെതിരെ എം.എം.മണിയുമൊക്കെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ആരും ബോംബെടുത്തിട്ടില്ലെന്നത് മറന്നുപോകരുതെന്ന് വേണു കൂട്ടിച്ചേർത്തു.
വാർത്താസമ്മേളനത്തിൽ ആർ.എം.പി.ഐ ജില്ലാ സെക്രട്ടറി ചന്ദ്രൻ കുളങ്ങര,കേന്ദ്രകമ്മിറ്റി അംഗം കെ.പി.കുമാരൻ കുട്ടി എന്നിവരും പങ്കെടുത്തു.

Advertisement
Advertisement