സർവകലാശാലാ കാര്യങ്ങളിൽ മുഖ്യം യു.ജി.സി ചട്ടങ്ങൾ

Tuesday 14 May 2024 1:56 AM IST

തിരുവനന്തപുരം: സർവകലാശാലകളിലെ നിയമനങ്ങളിലടക്കം സംസ്ഥാന നിയമങ്ങളല്ല, യു.ജി.സി ചട്ടങ്ങൾക്കാണ് പ്രാമുഖ്യമെന്ന് പ്രിയാ വർഗ്ഗീസ് നിയമനക്കേസിൽ യു.ജി.സി സുപ്രീംകോടതിയിൽ നിലപാടെടുത്തതോടെ, കേരളത്തിൽ വൈസ്ചാൻസലർ, അദ്ധ്യാപക തസ്തികകളിൽ അയോഗ്യരെ നിയമിക്കുന്നതിന് അറുതിയാവും.

യു.ജി.സി ചട്ടം വകവയ്ക്കാതെ നടത്തിയ സാങ്കേതികം,കണ്ണൂർ,ഫിഷറീസ്,സംസ്കൃത വാഴ്സിറ്റി വി.സി നിയമനങ്ങൾ കോടതികൾ റദ്ദാക്കി. ഓപ്പൺ വി.സിക്ക് രാജി വയ്ക്കേണ്ടി വന്നു. വെറ്ററിനറി,ഡിജിറ്റൽ വി.സിമാരും കുരുക്കിലാണ്. യു.ജി.സി ചട്ടവിരുദ്ധമായി 35പേരെ പ്രിൻസിപ്പലാക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഗവ.കോളേജുകളിൽ പ്രിൻസിപ്പൽ, പ്രൊഫസർ തസ്തികളിലേക്ക് നിയമനവും പ്രൊമോഷനുകളും യു.ജി.സി ചട്ടപ്രകാരമല്ല.

നിയമനത്തിനും സ്ഥാനക്കയറ്റത്തിനും കേന്ദ്രചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് യു.ജി.സി നിലപാട്. സംസ്ഥാന നിയമങ്ങൾ ഇതിന് വിരുദ്ധമാണെങ്കിലും യു.ജി.സി ചട്ടമാണ് നിലനിൽക്കുക.. പ്രൊഫസറായി സ്ഥാനക്കയറ്റത്തിന് അപേക്ഷിച്ചവരിൽ ഇന്റർവ്യൂവിൽ അയോഗ്യരാക്കിയവർക്ക് യുജിസി നിയമപ്രകാരം ഒരു വർഷം കഴിഞ്ഞേ വീണ്ടും അപേക്ഷിക്കാനാവൂ. അത് വകവയ്ക്കാതെയാണ് 5മാസത്തിനുള്ളിൽ പുതിയ വിദഗ്ധസമിതി രൂപീകരിച്ച് നേരത്തേ അയോഗ്യരാക്കിയ 90പേരെ പ്രൊഫസറാക്കിയത്.

യു.ജി.സിയുടെ അംഗീകൃത കെയർ പട്ടികയിൽപ്പെട്ട ജേണലുകളിൽ ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് പകരം ചില കോളേജ് മാഗസിനുകളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളും പരിഗണിക്കുന്നു. കോളേജ് പ്രിൻസിപ്പലാകുന്നതിന് 15വർഷത്തെ അധ്യാപന പരിചയം വേണമെന്നിരിക്കെ, ഡെപ്യൂട്ടേഷനിൽ അനധ്യാപക പദവികളിൽ പ്രവർത്തിച്ച കാലയളവും അദ്ധ്യാപന പരിചയമായി കണക്കാക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. യു.ജി.സി ചട്ടത്തിന് വിരുദ്ധമായി പ്രിൻസിപ്പൽ നിയമനത്തിന് സ്പെഷ്യൽ റൂളുണ്ടാക്കിയത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു.

വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചീഫ്സെക്രട്ടറിയടക്കം ഉദ്യോഗസ്ഥരും സർവകലാശാലകളുമായി ബന്ധമുള്ളവരുമുണ്ടാവരുതെന്നാണ് യു.ജി.സി പറയുന്നത്. പക്ഷേ, സർക്കാരിന്റെ രണ്ട് പ്രതിനിധികൾ ഉൾപ്പെടെ സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ നിയമനത്തിന് സ്വന്തംനിലയിൽ സർക്കാർ 5അംഗ സെർച്ച്കമ്മിറ്റി രൂപീകരിച്ചു.

നിലനിൽക്കുക

യു.ജി.സി ചട്ടം

യു.ജി.സി റഗുലേഷൻ പുറപ്പെടുവിച്ചാൽ സംസ്ഥാനത്തും അത് നടപ്പാക്കിയേ പറ്റൂ. പാർലമെന്റ് പാസാക്കിയ നിയമ പ്രകാരം കേന്ദ്രആക്ടിന് തുല്യം.

ആറുമാസത്തിനകം രാജ്യത്താകെ പ്രാബല്യത്തിലാവും. സർക്കാർ കൊണ്ടുവരുന്ന നിയമഭേദഗതികളൊന്നും നിലനിൽക്കില്ല.

യു.ജി.സി റഗുലേഷൻ പ്രകാരമുള്ള ഭേദഗതി സർവകലാശാലാ നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തേണ്ടിവരും.

Advertisement
Advertisement