കുന്നിടിച്ച് മണ്ണ് മാഫിയ; നോവായി സെയ്താലിയുടെ വേർപാട്

Tuesday 14 May 2024 1:51 AM IST

വളാഞ്ചേരി: റോഡിൽ രൂപപ്പെട്ട ചെളിക്കുണ്ടിലകപ്പെട്ട കാറിൽ ചികിത്സ ലഭിക്കാതെ മരണപ്പെട്ട വടക്കേപീടിയേക്കൽ സെയ്താലിയുടെ (61) വേർപാട് നാടിന് തീരാവേദനയായി. സൗമ്യമായ പെരുമാറ്റവും വിശാലമായ കാഴ്ചപ്പാടും മൂലം നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു ഇദ്ദേഹം. ദേശീയപാത നിർമ്മാണത്തിനായി ഇടിച്ചു കൊണ്ടിരിക്കുന്ന വെള്ളിയാംമല കുന്നിൽ നിന്നും റോഡിലേക്ക് കുതിച്ചെത്തിയ മണ്ണും ചെളിയും കാരണം റോഡിലെ കുരുക്കിൽ പെട്ടാണ് ഇദ്ദേഹം ചികിത്സ ലഭ്യമാകാതെ മരണത്തിന് കീഴടങ്ങിയത്. 20 മിനിറ്റോളം ഇദ്ദേഹം റോഡിൽ കുടുങ്ങിയിരുന്നു.
ഉരുൾപൊട്ടലിന് സമാനമായ കാഴ്ചയായിരുന്നു ഇവർ കുടുങ്ങിയ റോഡിൽ. കാറുകൾ ഉൾപ്പടെയുള്ള ചെറിയ വാഹനങ്ങൾക്കൊന്നും പോകാനാകാത്ത വിധത്തിലായിരുന്ന റോഡ്. നാടിനെയൊന്നടങ്കം നടുക്കിയ ഒരു ദുരന്തമായി ഈ സംഭവം മാറി. ഉച്ചയ്ക്ക് 12 മണിയോടെയാണ് റോഡ് ഗതാഗയോഗ്യമാക്കിയത്.

കുന്നിടിപ്പിന്റെ ഇര
മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വൻതോതിലുള്ള കുന്നിടിപ്പിന്റെ ഇരയാണ് സെയ്താലി. നിയമാനുസൃത മണ്ണെടുപ്പാണ് നടക്കുന്നതെന്നാണ് അധികൃതരുടെ ഭാഷ്യമെങ്കിലും പ്രദേശവാസികളിൽ വലിയൊരു വിഭാഗം ഇതിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടമാണെന്ന് പരിഗണിക്കാതെയാണ് വൻതോതിലുള്ള മണ്ണെടുപ്പിന് അനുമതിയായത്. ദേശീയപാത നിർമ്മാണത്തിന്റെ കരാർ കമ്പനി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മാസങ്ങളായി ഇവിടെ കുന്നിടിച്ച് മണ്ണ് കടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കേവലം 40 രൂപ മാത്രം ടണ്ണിന് നിശ്ചയിച്ചാണ് ഇവർക്ക് കുന്നിടിക്കലിനും മണ്ണെടുക്കുന്നതിനും അനുമതിയായത്.
പാരിസ്ഥിതിക പഠനം നടത്തി മാത്രമേ കുന്നിടിച്ചുള്ള മണ്ണ് കടത്ത് പാടുള്ളൂവെന്നിരിക്കെ, ഇവിടെ ഇത്തരം പഠനങ്ങൾ ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ബന്ധപ്പെട്ട പ്രദേശത്തെ മണ്ണെടുപ്പിന് നിലവിൽ അനുമതിയില്ല. നേരത്തെ നൽകിയിരുന്ന പാസ് പ്രയോജനപ്പെടുത്തിയാകണം അവിടെ കുന്നിടിക്കൽ നടന്നത്.

ജിയോളജി വകുപ്പ്

Advertisement
Advertisement