17കാരിയായ അതിജീവിത വീട്ടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

Tuesday 14 May 2024 2:29 PM IST

ഇടുക്കി: പോക്‌സോ കേസിലെ അതിജീവിതയായ 17കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിൽ ഇന്ന് രാവിലെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വീട്ടിലുള്ളവർ രാവിലെ ജോലിക്ക് പോയ സമയത്ത് പെൺകുട്ടി ഉറങ്ങുകയായിരുന്നു. രാവിലെ 11മണിയോടെ പെൺകുട്ടിയുടെ അമ്മ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തയിത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ കട്ടിലിലാണ് മൃതദേഹം കിടന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിച്ചു.

ഫൊറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരുമെത്തി തെളിവ് ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റുമെന്നാണ് വിവരം. കൊലപാതകമാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.

രണ്ടു വർഷം മുൻപാണ് ഈ പെൺകുട്ടി ലെെംഗിക പീഡനത്തിന് ഇരയായത്. കേസിലെ പ്രതികളെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് അതിജീവിതയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മരണത്തിന് ഈ കേസുമായി ബന്ധമുണ്ടോയെന്ന കാര്യങ്ങൾ ഉൾപ്പെടെ പൊലീസ് അന്വേഷിക്കും. കട്ടപ്പന പൊലീസിനാണ് അന്വേഷണ ചുമതല.