മരണാനന്തരച്ചടങ്ങിന് ഭക്ഷണവുമായി പോവുകയായിരുന്ന ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം

Tuesday 14 May 2024 4:59 PM IST

കോട്ടയം: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. കോട്ടയം ഇല്ലിക്കലിലാണ് സംഭവം. മരണാനന്തര ചടങ്ങിന് ഭക്ഷണവുമായി ചേർത്തലയിൽ നിന്നെത്തിയ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. ഇന്നുരാവിലെ പത്തരയോടെ കോട്ടയം കുമരകം റോഡിൽ ഇല്ലിക്കലിന് സമീപം പാറപ്പാടത്തേയ്ക്കുള്ള റോഡിന് സമീപത്തായാണ് അപകടമുണ്ടായത്.

അപകടത്തിൽ ഓട്ടോ ഓടിച്ചിരുന്ന ആലപ്പുഴ മാരാരിക്കുളം കണ്ടംപടവത്ത് വീട്ടിൽ മത്തായിയുടെ മകൻ ജോയി (62), ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരനായ അമ്പലപ്പുഴ കൊളേത്തെ മാപ്പിളപ്പറമ്പിൽ മണിയൻ (73) എന്നിവർക്കാണ് പരിക്കേറ്റത്. കാറോടിച്ചിരുന്ന തിരുവാർപ്പ് ദ്വാരകാമയി വീട്ടിൽ ബാബുവിനെ നെഞ്ചുവേദനയെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിനിടെ തിരുവല്ലയിൽ എം.സി. റോഡിലൂടെ നടന്നുപോയ പ്രാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു. കുറ്റൂർ ഗവ.ഹയർസെക്കൻ‌ഡറി സ്‌കൂളിന് സമീപം ഞായറാഴ്ച പകലാണ് സംഭവം നടന്നത്. തിരുവനന്തപുരത്തേയ്ക്ക് പോവുകയയായിരുന്ന കാസർകോട് സ്വദേശി റഫീക്ക് ഓടിച്ചിരുന്ന ബെൻസ് കാർ പ്രാവിനെ കണ്ട് സഡൻ ബ്രെക്ക് ഇടുകയായിരുന്നു. ഇതേതുടർന്ന് കോട്ടയത്ത് നിന്ന് നാഗർകോവിലേക്ക് മീനുമായി പോയ വാഹനം ബെൻസിന്റെ പിന്നിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും തമ്മിൽ കുരുങ്ങി. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ മീൻ വാഹനത്തിന്റെ ബമ്പർ മുറിച്ചുമാറ്റിയാണ് ഇരുവാഹനങ്ങൾ വേർപെടുത്തിയത്. പ്രാവിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ബെൻസിന് രണ്ടുലക്ഷം രൂപയുടെ അറ്റകുറ്റപ്പണികൾ വേണ്ടിവന്നു.