ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം, ഒത്തുതീർപ്പിന് വഴിയൊരുങ്ങുന്നു, സംഘടനകളുമായി നാളെ ചർച്ച

Tuesday 14 May 2024 6:57 PM IST

തിരുവനന്തപുരം : ഡ‌്രൈവിംഗ് ടെസ്റ്റിൽ നടപ്പാക്കിയ പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നടത്തിവരുന്ന സമരം തീരാൻ വഴിയൊരുങ്ങുന്നു. സംഘടനകളുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം മൂന്നിനാണ് ചർച്ച. ഡ്രൈവിംഗ് സ്കൂളുകാരുടെ എല്ലാ സംഘടനകളെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവർ നിർദ്ദേശിക്കുന്ന പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തും. ഈ മാസം 23ന് സി.ഐ.ടി.യുമായി ചർച്ച നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇത് മാറ്റിയാണ് നാളെ മൂന്നുമണിക്ക് എല്ലാ സംഘടനകളുമായി ചർച്ച നടത്താനുള്ള തീരുമാനം.

പരിഷ്കരണം പിൻവലിക്കാൻ ഡ്രൈവിംഗ് സ്കൂളുകൾ നൽകിയ ഹർജി ഹൈക്കോടതി 21ന് പരിഗണിക്കുന്നുണ്ട്. വിധ് വരുന്നത് സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം. ഇന്തോനേഷ്യയിലായിരുന്ന മന്ത്രി മടങ്ങിയെത്തിയതിനെ തുടർന്നാണ് നാളെ ചർച്ച വിളിച്ചിരിക്കുന്നത്. സമരത്തെ തുടർന്ന് പലയിടത്തും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങിയിരുന്നു. സമരക്കാർ വാഹനം വിട്ടുനൽകാത്തതിനാൽ ടെസ്റ്റിനെത്തിയവർക്ക് തിരികെ പോകേണ്ടിവന്നു. മന്ത്രിയെ വിമർശിച്ച് സി.പി.എം നേതാവ് എ.കെ. ബാലനും രംഗത്ത് വന്നിരുന്നു. സി.ഐ.ടി.യുവും സമരത്തിനി പിന്തുണ പ്രഖ്യാപിച്ചിരുന്നു.