യൂണിഫോം അലവൻസ് കുടിശിക 200 കോടി; പ്രഥമാദ്ധ്യാപകർ വെട്ടിൽ

Tuesday 14 May 2024 8:50 PM IST

തിരുവനന്തപുരം: അദ്ധ്യയനവർഷം ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ മൂന്നുഹവ‌ർഷത്തെ യൂണിഫോം കുടിശികയ്ക്കായി പ്രഥമാദ്ധ്യാപകരുടെ നെട്ടോട്ടം. 200 കോടിയാണ് കുടിശിക. സ്കൂൾ തുറക്കും മുൻപേ യൂണിഫോം വിതരണം പൂർത്തിയാക്കുമെന്ന് പറയുന്ന വിദ്യാഭ്യാസവകുപ്പ് കുടിശിക കാര്യത്തിൽ മൗനം പാലിക്കുകയാണെന്ന് അദ്ധ്യാപക സംഘടനകൾ ആരോപിക്കുന്നു.

ഒന്ന് മുതൽ എട്ടു വരെ ക്ളാസുകളിൽ 29.5 ലക്ഷത്തോളം കുട്ടികൾക്കാണ് സർക്കാർ സൗജന്യ യൂണിഫോം നൽകുന്നത്. ഗവ. സ്കൂളുകളിൽ തുണിത്തരമാണ് നൽകുന്നത്. എയ്ഡഡ് സ്കൂളുകളിൽ ഒന്നുമുതൽ നാല് വരെ ക്ളാസുകളിൽ തുണിത്തരവും അഞ്ച് മുതൽ എട്ട് വരെ ക്ളാസുകളിൽ രണ്ട് ജോഡി യൂണിഫോമിനായി 600 രൂപ അലവൻസും.130 കോടി തുണിത്തരത്തിനും 80 കോടി അലവൻസിനുമായി 210 കോടിയാണ് മാറ്റിവയ്ക്കുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി എയ്ഡഡ് മേഖലയിൽ യൂണിഫോം അലവൻസ് നൽകുന്നില്ല. സർക്കാർ നൽകുമെന്ന പ്രതീക്ഷയിൽ പ്രഥമാദ്ധ്യാപകർ പണം മുൻകൂറായി ചെലവഴിക്കുകയാണ്

ഈ വർഷം മുതൽ

പ്രത്യേകം തുക

ഈ വർഷം മുതൽ തുണിത്തരത്തിനും അലവൻസിനുമായി വെവ്വേറേ തുക അനുവദിക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പിൽനിന്ന് അറിയാനായത്. ഇതുവരെ തുണിവിതരണക്കാരുടെ തുക നൽകുന്നതിനായിരുന്നു പ്രഥമ പരിഗണന. തുക വെവ്വേറ അനുവദിക്കുന്നതോടെ അലവൻസിലെ പ്രതിസന്ധി ഏറെക്കുറെ പരിഹരിക്കപ്പെടുമെന്നുള്ള പ്രതീക്ഷ പ്രഥമാദ്ധ്യാപകർക്കുണ്ട്.

'യൂണിഫോം അലവൻസ് കുടിശിക പ്രഥമാദ്ധ്യാപകർക്ക് അടിയന്തരമായി അനുവദിക്കണം.'

-ജി.സുനിൽ കുമാർ

ജനറൽ സെക്രട്ടറി

കേരള പ്രൈവറ്റ് പ്രൈമറി

ഹെഡ്മാസ്റ്റേഴ്സ് അസോ.

'യൂണിഫോം അലവൻസ് നൽകുന്നതിൽ തികഞ്ഞ അലംഭാവമാണ് സർക്കാരിന്റേത്.'

-പി.എസ്. ഗോപകുമാർ

സംസ്ഥാന പ്രസിഡന്റ്

നാഷണൽ ടീച്ചേഴ്സ് യൂണിയൻ

Advertisement
Advertisement