'റീപൂളിംഗ്' കെണി​യി​ൽ ഏലം കർഷകർ 

Wednesday 15 May 2024 1:02 AM IST

കൊച്ചി: കൊടും ചൂടി​ൽ കൃഷി​നാശത്തി​ൽപ്പെട്ടി​രി​ക്കുന്ന കർഷകർക്ക് കൂനി​ന്മേൽക്കുരുവായി​ വിപണിയിലെ ഇടനിലക്കാരുടെ റീപൂളിംഗ് തട്ടിപ്പ്.

വിപണിയിലെ ഇടനിലക്കാരുടെ റീപൂളിംഗ് തട്ടിപ്പ്, വേനൽ ചൂടിൽ കൃഷിനശിച്ച ഏലം കർഷകർക്ക് ഇരട്ട പ്രഹരമായി​. ഒരിക്കൽ ലേലം വിളിച്ചെടുക്കുന്ന ഏലക്ക വീണ്ടും കൂടിയ വിലയ്ക്ക് ലേലത്തിൽ വയ്ക്കന്നതാണ് റീപൂളിംഗ്. ഇതുമൂലം ഉത്പന്നം വിപണിയിലേക്ക് പോകാതെ ലേലകേന്ദ്രത്തിൽ തന്നെ ചുറ്റിത്തിരിയും. വിപണിയിൽ ആവശ്യത്തിന് ചരക്ക് ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന വിലവർദ്ധനവിന്റെ ആനുകൂല്യവും റീ പൂളിംഗ് നടത്തുന്ന ഇടനിലക്കാർക്ക് ലഭിക്കും. കർഷകരുടെ അദ്ധ്വാനത്തിന് വിലയില്ലാതാവുകയും ചെയ്യും.

ഏപ്രിൽ, മേയ് മാസങ്ങൾ പൊതുവെ ഉത്പാദനമില്ലാത്ത ഓഫ് സീസൺ ആണ്. ഈ കാലത്തും ടൺ കണക്കിന് ഏലക്ക ലേലകേന്ദ്രത്തിൽ എത്തുന്നുണ്ട്. ഞായറും പൊതുഅവധി ദിവസങ്ങളും ഒഴികെ എല്ലാ പ്രവൃത്തി ദിവസത്തിലും ഏലക്കാ ലേലമുണ്ട്. നാല് മാസത്തിലേറെയായി കനൽചൊരിഞ്ഞ സൂര്യതാപത്തിൽ ഹൈറേഞ്ചിലെ അൻപത് ശതമാനത്തോളം ഏലച്ചെടികൾ കരിഞ്ഞുണങ്ങി. അതുകൊണ്ടുതന്നെ ജൂൺ, ജൂലായ് മസങ്ങളിൽ ആരംഭിക്കുന്ന സീസണിൽ ഉത്പാദനം ഗണ്യമായി കുറയും. വിളവ് കുറയുമ്പോൾ വില കൂടുക സ്വാഭാവി​കം. എന്നാൽ കഴിഞ്ഞ സീസണിൽ കർഷകർ വിറ്റഴിച്ച ഏലയ്ക്ക ലേലകേന്ദ്രം വിട്ടുപോകാത്തതുകാരണം വില വർദ്ധനവിന്റെ ആനുകൂല്യം കർഷകർക്ക് ലഭിക്കില്ല.

രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന സുഗന്ധവ്യഞ്ജന വിപണിയിലെ ഈ പ്രവണത തടയുന്നതിന് കർശന നടപടി സ്വീകരിക്കേണ്ട സ്പൈസസ് ബോർഡ് ഏലം കർഷകരെ ഏതാണ്ട് പൂർണമായും കൈവിട്ട മട്ടിലാണെന്നാണ് ആക്ഷേപം. കഴിഞ്ഞ കുറേ വർഷങ്ങളായി സ്പൈസസ് ബോർഡിൽ നിന്നുള്ള യാതൊരു സഹായവും ഏലം മേഖലയിൽ ലഭിക്കുന്നില്ല. സംസ്ഥാന സർക്കാർ ആകട്ടെ ഏലം കർഷകരെ പണ്ടേ പരിഗണിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ ഏലം വി​പണി​യി​ലെ ഈ നാഥനി​ല്ലാത്ത അവസ്ഥ കർഷകർക്ക് വി​നയാകുകയാണ്.

...........................................................................

1,00,607

തിങ്കളാഴ്ച നെടുങ്കണ്ടത്തും കുമളിയിലുമായി

രണ്ടു ലേലകേന്ദ്രങ്ങളിൽ വില്പനയ്ക്ക് വന്നത്

1,00,607 കിലോ ഏലക്കയാണ്.

..............................................................................

 ശരാശരി ഉത്പാദനം

ഇടുക്കി ജില്ലയിലെ യഥാർത്ഥ ഉത്പാദനം : 25,000 ടൺ

ലേല കേന്ദ്രങ്ങളിലെ കണക്ക് പ്രകാരം : 50,000 ടൺ

Advertisement
Advertisement