മഴ വന്നാൽ ഓർക്കും അബ്ദുൾറഹ്‌മാനെ ഒറ്റക്കാലിൽ ഇരുന്ന് കുട തുന്നി ജീവിച്ചത് നാലു പതിറ്റാണ്ട്

Wednesday 15 May 2024 12:14 AM IST
പാലക്കുന്നിൽ കുട തുന്നുന്ന അബ്ദുൾ റഹ്മാൻ

കാസർകോട്: മഴ പെയ്യാൻ തുടങ്ങിയാൽ നാട്ടുകാർ ആദ്യം ഓർക്കുക, കീറിയതും പൊട്ടിയതുമായ കുടകൾ പുതുക്കി കൊടുക്കുന്ന അബ്ദുൾറഹ്മാനെ. അപകടത്തിൽ ഒരു കാൽ പൂർണ്ണമായും മുറിച്ചുമാറ്റേണ്ടി വന്ന, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും ചെമ്മനാട് കോളിയടുക്കത്ത് താമസക്കാരനുമായ ബി.എം അബ്ദുൽ റഹ്മാൻ (77) ഉദുമ പാലക്കുന്നിൽ കുട തുന്നാൻ എത്തിയിട്ട് നാലു പതിറ്റാണ്ട്.

കന്നിമഴയിൽ തന്നെ പാലക്കുന്ന് റോഡരുകിലെ ഉന്തുവണ്ടിയിൽ ഒറ്റക്കാലുമായി ഇരുന്ന് കുട തുന്നുന്ന അബ്ദുൾ റഹ്‌മാനെ കാണാം. കേവീസ് തുണിക്കടയ്ക്ക് മുന്നിലും പാലക്കുന്ന് ജംഗ്‌ഷനിലും മാറിമാറി ഇരുന്നാണ് 30 വർഷത്തോളം കുട തുന്നിയത്. റോഡ് വികസനത്തിന്റെ പേരിലും പഞ്ചായത്ത്‌ അധികാരികളുടെ നിർദ്ദേശ പ്രകാരവും ഇടയ്ക്കിടെ പറിച്ചു മാറ്റപ്പെട്ടിട്ടും കുട റിപ്പയർ ജോലി ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു.

വർഷങ്ങളായി നിലത്തിരുന്ന് കൂലിവേല എടുത്തിരുന്ന ഇദ്ദേഹം, 10 വർഷം മുമ്പ് 10,000 രൂപ നൽകി വാങ്ങിയ ഉന്തുവണ്ടിയിൽ ഇരുന്നാണ് ഇപ്പോൾ കുട തുന്നുന്നത്. നടക്കാൻ ഉപയോഗിക്കുന്ന ക്രച്ചസ് വണ്ടിക്കരികിൽ ചാരി വെക്കും. നിശ്ചിത വരുമാനം ഉറപ്പിക്കാൻ കഴിയില്ലെങ്കിലും എന്നും രാവിലെ പണി തുടങ്ങും. മുമ്പെല്ലാം കുട റിപ്പയർ ചെയ്ത് ഉപയോഗിക്കാറുണ്ടെങ്കിലും ഇന്ന് പലരും പൊട്ടിയ കുട കളഞ്ഞു പുതിയ കുട വാങ്ങുകയാണ് ചെയ്യുന്നത്.

കാല് നഷ്ടപ്പെട്ടത് അപകടത്തിൽ

1969 ൽ നെടുമങ്ങാട് നിന്ന് തൃശൂരിൽ പണിക്ക് വന്നപ്പോഴാണ് അപകടത്തിൽപ്പെട്ട് കാലുപോയത്. ചാലക്കുടിയിൽ മറിഞ്ഞ ലോറിക്ക് അടിയിൽപ്പെട്ടുപോയ അബ്ദുൾ റഹ്മാന്റെ ഇടതുകാൽ തുടയുടെ ഭാഗത്തു നിന്നും മുറിച്ചു മാറ്റേണ്ടിവന്നു. ലോറി അപകടം 'ചിത്ര'ത്തിൽ ഇല്ലാത്തതിനാൽ ഇൻഷൂറൻസ് തുക കിട്ടിയില്ല. നഷ്ടപരിഹാരവും കിട്ടാതിരുന്ന അബ്ദുൾ റഹ്‌മാൻ പിന്നീട് അനുഭവിച്ചത് വലിയ ദുരിതമായിരുന്നു. മംഗലാപുരത്ത് അരിക്കച്ചവടത്തിന് എത്തിയപ്പോഴാണ് കാസർകോട് ഇഷ്ടമായി കോളിയടുക്കം താമസം തുടങ്ങിയത്. കുട റിപ്പയർ ചെയ്തു തന്നെ ജീവിതം പച്ചപിടിപ്പിച്ചു. മൂന്ന് പെൺമക്കളെയും നാല് ആൺമക്കളെയും സ്വന്തം കാലിൽ നിൽക്കാനാക്കി. ഒറ്റപ്പാലത്തെ ഖദീജയാണ് ഭാര്യ. ഇളയ മകൻ സെയ്ഫുദ്ധീനും ഭാര്യയും കുഞ്ഞുമാണ് വീട്ടിൽ കൂട്ടുള്ളത്. വികലാംഗ സംഘടനയുടെ പ്രവർത്തകനുമാണ്.

പാലക്കുന്നിലെ ജനം നല്ലവരാണ്. അതിനാൽ ഇവിടം വിട്ടുപോകാൻ മനസ് വരുന്നില്ല. കുട റിപ്പയർ ചെയ്ത് കിട്ടുന്ന കൂലിയും പെൻഷനും കൊണ്ടാണ് ജീവിക്കുന്നത്. പെൻഷൻ സർക്കാർ കൃത്യമായി തരുന്നത് ആശ്വാസം. -അബ്ദുൾ റഹ്മാൻ

Advertisement
Advertisement