നാടക നടൻ എം.സി. കട്ടപ്പന അന്തരിച്ചു

Wednesday 15 May 2024 4:51 AM IST

കട്ടപ്പന: പ്രശസ്ത നാടക നടൻ കട്ടപ്പന കുന്തളംപാറ മരങ്ങാട്ട് എം.സി.ചാക്കോ (എം.സി.കട്ടപ്പന, 75) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ 10ന് കട്ടപ്പന സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

പതിറ്റാണ്ടുകളോളം നാടകരംഗത്ത് സജീവമായിരുന്നു. മുപ്പതോളം നാടകങ്ങളിലായി ഏഴായിരത്തോളം വേദികളിൽ ചമയമിട്ടു. 2007ൽ മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടി. കൊല്ലം അരീനയുടെ 'ആരും കൊതിക്കുന്ന മണ്ണ്' എന്ന നാടകത്തിലെ മലയോര കർഷകന്റെ വേഷം തന്മയത്വത്തോടെ അവതരിപ്പിച്ചതിനായിരുന്നു പുരസ്‌കാരം. പകൽ, കാഴ്ച, അമൃതം, പളുങ്ക്, കനകസിംഹാസനം, മധുചന്ദ്രലേഖ എന്നീ സിനിമകളിലും വേഷമിട്ടു. 25 ഓളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

മൃഗസംരക്ഷണ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. 1977ൽ ആറ്റിങ്ങൽ ദേശാഭിമാനിയുടെ നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടകവേദിയിൽ അരങ്ങേറ്റം കുറിച്ചത്. 2014ൽ കേരള സംഗീത നാടക അക്കാഡമിയുടെ അഭിനയശ്രീ പുരസ്‌കാരവും ലഭിച്ചു. ഭാര്യ: സാറാമ്മ. മക്കൾ: ഷീജ, എം.സി. ബോബൻ (അമൃത ടിവി).