മലയാളികൾ ഇപ്പോഴും ഇറാൻ റാഞ്ചിയ കപ്പലിൽ
കോഴിക്കോട്: ഒരു മാസം മുമ്പ് ഇറാൻ റാഞ്ചിയ കപ്പലിൽ നിന്ന് മോചനം കിട്ടാതെ മലയാളികൾ.
മോചിപ്പിച്ചുവെന്ന് ഒരാഴ്ചമുമ്പ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും അതൊക്കെ വെറും കഥകൾ മാത്രമാണെന്ന് കപ്പലിൽ അകപ്പെട്ടവർ അറിയിച്ചതോടെ ആശങ്കയിലായി ബന്ധുക്കൾ.
കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ടി.പി.ശ്യാംനാഥ്, വയനാട് കാട്ടിക്കുളം സ്വദേശി പി.വി.ധനേഷ്, പാലക്കാട് കേരളശേരി വടശേരി സ്വദേശി ശിവരാമന്റെ മകൻ സുമേഷ് എന്നിവരാണ് കപ്പലിലുള്ളത്. ' ഇന്നലെയും മകൻ വിളിച്ചിരുന്നു. മോചനത്തെക്കുറിച്ച് വിവരമൊന്നുമില്ലെന്നും പക്ഷെ ,സുരക്ഷിതരാണെന്നുമാണ് അറിയിച്ചത്. ഇനി ബന്ധപ്പെടാൻ ആരുമില്ല. എല്ലാവരും കൈമലർത്തുമ്പോൾ ആരോടാണ് പരാതി പറയേണ്ടത്?' ശ്യാംനാഥിന്റെ അച്ഛൻ വിശ്വനാഥൻ ചോദിക്കുന്നു.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 13ന് ഉച്ചയോടെയാണ് ടി.പി.ശ്യാംനാഥ് അടക്കം നാലു മലയാളികൾ അടങ്ങുന്ന കപ്പൽ ഇറാൻ റാഞ്ചിയത്. ഇതിൽ യുവതിയായ തൃശൂർ സ്വദേശി ആൻ ടെസ ജോസഫ് മാത്രമാണ് തിരിച്ചെത്തിയത്. ധനേഷിന്റെയും സുമേഷിന്റെയും വീട്ടുകാർക്കും ഇതേ വിവരമാണുള്ളത്. കപ്പലിൽ കുടുങ്ങിയ മലയാളികൾ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരാണ്.