മഴയെത്തും മുമ്പേ പനിപരത്തി മാലിന്യം

Wednesday 15 May 2024 4:34 AM IST

തിരുവനന്തപുരം: പൊതുനിരത്തുകളിലും ഓടകളിലും കുന്നുകൂടിയ മാലിന്യം പനി പരത്തുന്നു. വേനൽ മഴയിൽ അന്തരീക്ഷം ഒന്നു നനഞ്ഞതോടെ കൊതുക് നിറഞ്ഞു. എലി ശല്യവും രൂക്ഷമായി.

കാലവർഷം രണ്ടാഴ്ച കഴിഞ്ഞെത്തും. പക്ഷേ,​ മഴക്കാല പൂർവശുചീകരണം മിക്ക തദ്ദേശസ്ഥാപനങ്ങളും തുടങ്ങിയില്ല. സർക്കാർ പണം നൽകാതെ എങ്ങനെ തുടങ്ങാൻ.

മഴക്കാല പൂർവ ശുചീകരണം ഏപ്രിൽ ഒന്നിന് ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ തീരുമാനിച്ചതാണ്. ഓരോ വാർഡിനും 30,000 രൂപ വീതം നൽകാനും നിർദ്ദേശിച്ചു. പക്ഷേ,​ സാമ്പത്തിക പ്രതിസന്ധി കാരണം ഫണ്ട് വിതരണം നടന്നില്ല.

അതേസമയം,​ കോർപറേഷനുകൾ തനതു ഫണ്ടിൽ നിന്ന് ഓരോ വാർഡിനും ശുചീകരണത്തിന് ഓരോ ലക്ഷം നൽകണം. തിരുവനന്തപുരത്ത് ചില വാർഡുകളിൽ ഓട ശുചീകരണം തുടങ്ങിയിട്ടുണ്ട്.

ആരോഗ്യ കലണ്ടർ പ്രകാരം ഡ്രൈഡേ ഉൾപ്പെടെ കാലവർഷത്തിനു മുമ്പ് നടത്തണം. ഞായറാഴ്ചകളിൽ വീടുകളിലും വെള്ളിയാഴ്ചകളിൽ സ്ഥാപനങ്ങളിലുമാണ് ഡ്രൈഡേ നടത്തേണ്ടത്. വാർഡുതല ശുചിത്വ സമിതിക്കാണ് ചുമതല. പക്ഷേ,​ മേയ് പകുതിയായിട്ടും സമിതികൾ ചേർന്നിട്ടുപോലുമില്ല. അപ്പാർട്ട്മെന്റുകൾ, വ്യാപാരകേന്ദ്രങ്ങൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, വീടുകൾ എന്നിവയുടെ പരിസരം ശുചീകരിക്കണം. കിണറുകളിൽ ബ്ളീച്ചിംഗ് പൗഡർ ഇടണം. കൊതുക് നശീകരണത്തിന് ഫോഗിംഗ് നടത്തണം. ഇവയൊക്കെ ഇനിവേണം തുടങ്ങാൻ.

വെസ്റ്റ് നൈൽ,​

ഡെങ്കി ഭീതി

 ക്യൂലക്സ് കൊതുക് പരത്തുന്ന വെസ്റ്റ് നൈൽ പനി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 10 പേർക്കാണ് സ്ഥിരീകരിച്ചത്

 ഡെങ്കിപ്പനി, മഞ്ഞപ്പിത്തം,എലിപ്പനി, എച്ച് 1 എൻ 1, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയും വിവിധ ജില്ലകളിൽ പടരുന്നു

 ഡെങ്കിക്കെതിരെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ ജാഗ്രതാനിർദ്ദേശമുണ്ട്

2023 ജൂണിലെ പനിക്കണക്ക്

 പകർച്ചപ്പനി: 2,​93,​424, മരണം 01

ഡെങ്കി: 1876,​ മരണം 08

 എച്ച് 1 എൻ 1 : 203, മരണം 09

18,19 തീയതികളിൽ ജനകീയ ശുചീകരണ യജ്ഞം നടത്തും. 20 ലക്ഷം പേർ അണിനിരക്കും.

-മന്ത്രി എം.ബി.രാജേഷ്

Advertisement
Advertisement