എറണാകുളത്തെ കോഴിക്ക് കൊമ്പത്താണ് വില!

Tuesday 14 May 2024 10:43 PM IST

കൊച്ചി: ഇറച്ചിക്കോഴിക്ക് മറ്റെങ്ങുമില്ലാത്ത വിലയാണ് എറണാകുളത്ത്. വേനൽച്ചൂടിൽ ബ്രോയ്ലർ കോഴികൾ കൂട്ടത്തോടെ ചാകുന്നതിനാൽ സംസ്ഥാനമെങ്ങും കോഴി വില ഉയർന്ന നിലയിലാണെങ്കിലും എറണാകുളത്ത് മറ്റ് ജില്ലകളെ അപേക്ഷിച്ച് കിലോയ്ക്ക് 15 രൂപ കൂട്ടിയാണ് ചില്ലറ വില്പന.

കേരള ബ്രോയ്ലർ ചിക്കൻ ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് അസോസിയേഷനാണ് ദിവസവും ഇറച്ചിക്കോഴിയുടെ ചില്ലറവില്പന വില തീരുമാനിക്കുന്നത്. അസോസിയേഷന്റെ വില ഇന്നലെ കിലോ 162 രൂപയായിരുന്നെങ്കിലും ജില്ലയിൽ 177 രൂപയ്ക്കാണ് വില്പന. ഈ വർഷം ആദ്യം 90രൂപയിലും താഴെയായിരുന്നു വില.

കടുത്തചൂടിൽ മരണനിരക്ക് കുതിച്ചുയർന്നതോടെ ഇറച്ചിക്കോഴിയുടെ ലഭ്യത കുറഞ്ഞു. അതോടൊപ്പം കോഴിതീറ്റയ്ക്കും വിലകൂടി. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണ്ണാടക സംസ്ഥാനങ്ങളിലെ ഹാച്ചറികളിൽ മുട്ടക്കോഴികൾ വൻതോതിൽ ചത്തതിനാൽ അടുത്ത ആറ് മാസം കുഞ്ഞുങ്ങൾക്കും ക്ഷാമമുണ്ടാകും. ഇതെല്ലാം വില വർദ്ധനവിന് അനുകൂലമായ സാഹചര്യങ്ങളാണ്.

ഉത്സവ - വിവാഹ സീസണുകളില്ലാത്ത മഴക്കാലത്ത് ഇറച്ചിക്കോഴി വില കുറയാറുണ്ട്. കഴിഞ്ഞവർഷം ജൂൺ - ജൂലായിൽ ശരാശരി 60 രൂപയായിരുന്നു. എന്നാൽ ഇത്തവണ വില കുറയില്ലെന്നാണ് സൂചന.

 മരണ നിരക്ക് 50 ശതമാനം

അന്തരീക്ഷ ഊഷ്മാവ് 28 ഡിഗ്രിയിൽ അധികമായാൽ ഇറച്ചിക്കോഴികൾക്ക് ആപത്താണ്. ഇത്തവണ പലയിടത്തും 40 ഡിഗ്രിവരെ ചൂട് ഉയർന്നതോടെ ഫാമുകളിലെ മരണനിരക്ക് പതിവ് 3-5 ശതമാനത്തിൽ നിന്ന് 50ശതമാനം വരെയായി. ചൂടു മൂലം പകൽ തീറ്റയെടുക്കാത്തതിനാൽ തൂക്കം കുറയുന്നതും കർഷകർക്ക് തിരിച്ചടിയായി.

 കോഴിക്കുഞ്ഞിനും വിലകൂടി

അന്യസംസ്ഥാന ഹാച്ചറികളിൽ മദർ ബ്രീഡുകൾ കൂട്ടത്തോടെ ചാകുന്നതു കാരണം കോഴിക്കുഞ്ഞുങ്ങളുടെ ലഭ്യത കുറഞ്ഞു. 25 രൂപയ്ക്ക് ലഭിച്ചിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോൾ 55-57 രൂപയാണ് കേരളത്തിലെ വില.

കാലാവസ്ഥാ വ്യതിയാനത്താൽ കേരളത്തിലെ ഇറച്ചിക്കോഴി ഉത്പാദകർ കടുത്ത പ്രതിസന്ധിയിലാണ്. സ്ഥിതി മെച്ചപ്പെടാൻ കുറഞ്ഞത് ആറു മാസമെങ്കിലും വേണ്ടിവരും. അതുവരെ കോഴിയിറച്ചിയുടെ വിലയിൽ കാര്യമായ കുറവുണ്ടാകാനിടയില്ല

- ടി.എസ്. പ്രമോദ്, സംസ്ഥാന സെക്രട്ടറി, കേരള ബ്രോയ്ലർ ചിക്കൻ ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് അസോസിയേഷൻ.

Advertisement
Advertisement