സംസ്ഥാനത്ത് ആദ്യ പാലിയേറ്റീവ് കെയർ ട്രീറ്റ്‌മെന്റ് സപ്പോർട്ടിംഗ് യൂണിറ്റ് ജില്ലയിൽ

Wednesday 15 May 2024 12:23 AM IST

കൊല്ലം: സംസ്ഥാനത്ത് ആദ്യമായി സാന്ത്വന പരിചരണ രംഗത്ത് രോഗികളുടെയും കുടുംബത്തിന്റെയും ശാരീരിരിക പ്രശ്‌നങ്ങൾക്ക് പുറമേ മാനസികമായും സാമ്പത്തികമായും സാമൂഹികമായും പിന്തുണ നൽകാൻ പാലിയേറ്റീവ് കെയർ ട്രീറ്റ്‌മെന്റ് സപ്പോർട്ടിംഗ് യൂണിറ്റ് ജില്ലയിൽ ആരംഭിക്കുന്നു.

ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുമായി ചേർന്ന് റവന്യു - ബ്ലോക്ക് തലത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നാഷണൽ ഹെൽത്ത് മിഷനാണ് ആശയം മുന്നോട്ട് വച്ചത്. ഓച്ചിറ, ചവറ, അഞ്ചൽ ബ്ലോക്കുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചാലുടൻ പദ്ധതി നടപടികൾ ആരംഭിക്കും. അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിൽ ഇത് സംബന്ധിച്ച് ആലോചനയോഗം ചേർന്നു. പാലിയേറ്റീവ് ചികിത്സയിലുള്ള രോഗികളുടെയും കുടുംബത്തിനും പിന്തുണ നൽകാനുള്ള സന്മനസുള്ളവരുടെ കൂട്ടായ്മയാണ് പാലിയേറ്റീവ് കെയർ ട്രീറ്റ്‌മെന്റ് സപ്പോർട്ടിംഗ് യൂണിറ്റ്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും അതാത് പ്രദേശത്തെ മെഡിക്കൽ ഓഫീസർമാർ കൺവീനറുമായിട്ടുള്ള മാനേജ്‌മെന്റ് കമ്മിറ്റിക്കായിരിക്കും മേൽനോട്ട ചുമതല. രണ്ട് മാസത്തിലൊരിക്കൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലയിരുത്തൽ നടക്കും.

സാന്ത്വന പരിചരണത്തിന് ഏകീകൃത സംവിധാനം
 സഹായങ്ങൾ സ്വീകരിക്കാൻ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക അക്കൗണ്ട് ആരംഭിക്കും

 പാലിയേറ്റീവ് നഴ്‌സുമാർ വഴിയാണ് സഹായം ആവശ്യമായ രോഗികളെ കണ്ടെത്തുക

 ആദ്യം മൂന്ന് ബ്ലോക്കുകളിലാണ് ആരംഭിക്കുന്നതെങ്കിലും പദ്ധതി പുരോഗതി വിലയിരുത്തി മറ്റ് ബ്ലോക്കുകളിലേക്ക് വ്യാപിപ്പിക്കും

 സാന്ത്വന പരിചരണ മേഖലയുമായി ചേർന്ന് പ്രവർത്തിക്കുന്ന മത-സാമുദായിക സംഘടനകൾ, സാമൂഹ്യ - സന്നദ്ധ സംഘടനകൾ, വിദേശ മലയാളികൾ, ഓട്ടോറിക്ഷ - ടാക്‌സി തൊഴിലാളി യൂണിയനുകൾ, റെസി. അസോസിയേഷനുകൾ, ക്ലബുകൾ തുടങ്ങിയവരുടെ സഹായത്തോടെ സഹായങ്ങൾ സ്വീകരിക്കും

കമ്മിറ്റി

കൗൺസലിംഗും മരുന്നും സൗജന്യമായി നൽകാൻ താത്പര്യമുള്ളവർ, രോഗികളെ ആശുപത്രിയിലെത്തിക്കാൻ സന്മനസുള്ളവർ, കിടപ്പ് രോഗികളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാൻ താത്പര്യമുള്ളവർ, സാമ്പത്തിക സഹായം നൽകുന്നവർ എന്നിവരെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിക്കുക.

ജില്ലയിൽ സാന്ത്വന പരിചരണ യൂണിറ്റുകൾ

പ്രൈമറി തലം- 30

സെക്കൻഡറി തലം- 24

സുമനസുള്ള ആർക്കും കടന്നുവരാം. എല്ലാവിധ സഹായങ്ങളും നൽകാം. യാതൊരു നിബന്ധനകളുമില്ല.


ആരോഗ്യവകുപ്പ് അധികൃതർ

Advertisement
Advertisement