ഡെങ്കിപ്പനി സൂക്ഷിക്കുക, സ്വയം ചികിത്സ വേണ്ട!

Wednesday 15 May 2024 12:25 AM IST

കൊല്ലം: ജില്ലയിൽ ഡെങ്കിപ്പനി പടരുന്നതായി കണക്കുകൾ. കഴിഞ്ഞ തിങ്കളാഴ്ച മാത്രം 17 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഡെങ്കി ബാധിച്ചത് 47 പേർക്ക്. 75 പേരുടെ അന്തിമഫലം ലഭിച്ചിട്ടില്ല.

പോരുവഴി, കിളികൊല്ലൂർ, കുന്നത്തൂർ, ചിതറ, ശൂരനാട് നോർത്ത്, ശൂരനാട് സൗത്ത്, തൊടിയൂർ, മങ്ങാട്, ഉളിയക്കോവിൽ, മൈലം, വാടി, ശക്തികുളങ്ങര, ഇരവിപുരം എന്നിവിടങ്ങളിലാണ് ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വേനൽമഴ വ്യാപകമായതോടെ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാദ്ധ്യത കൂടും. ആശങ്ക വേണ്ടെന്നും ജാഗ്രതയും കരുതലുമാണ് പ്രധാനമെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

കൊതുകിനെ തുരത്തുന്നത് പ്രധാനം

 കൊതുകുകളെ ഉറവിടത്തിൽ തന്നെ നശിപ്പിക്കാൻ ശ്രദ്ധിക്കണം

 മാലിന്യ നിർമാർജ്ജജനം വളരെ പ്രധാനം

 വീട്ടുപരിസരവും പൊതുസ്ഥലവും ഒരുപോലെ സൂക്ഷിക്കണം

 എല്ലാ ഞായറാഴ്ചകളിലും വീടുകളിൽ ഡ്രൈഡേ ആചരിക്കണം

 വലിച്ചെറിഞ്ഞ പാത്രങ്ങൾ, ചിരട്ടകൾ, ടയർ, മുട്ടത്തോട്, പൂച്ചട്ടികൾ, ഫ്രിഡ്ജിന് പിന്നിലെ കെട്ടിക്കിടക്കുന്ന വെള്ളം എന്നിവ വൃത്തിയാക്കണം

 പാളകളിലും ചിരട്ടകളിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം

ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കണം

 വെള്ളം സൂക്ഷിക്കുന്ന സംഭരണികൾ അടച്ചുവയ്ക്കണം, കിണർ ക്ലോറിനേറ്റ് ചെയ്യണം

പനിയുള്ളവർ കൊതുകുകടി ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം

രോഗ ലക്ഷണങ്ങൾ

കടുത്ത പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദ്ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ, കണ്ണിന് പുറകിൽ വേദന

അപായ സൂചന

ഛർദ്ദി, വയറുവേദന, കറുത്ത മലം, ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കുക,

കഠിനമായ ക്ഷീണം,​ ശ്വാസതടസം,​ താഴ്ന്ന രക്തസമ്മർദ്ദം

ചികിത്സ തേടണം

രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് പെട്ടെന്ന് കുറയാൻ സാദ്ധ്യയുള്ളതിനാൽ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. പനി മാറിയാലും നാല് ദിവസമെങ്കിലും വിശ്രമം നിർബന്ധം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ ഉപയോഗിക്കാം.

രോഗി വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുക് വലയ്ക്കുള്ളിലാകണം. വീണ്ടും ഡെങ്കി രോഗബാധയുണ്ടാകുന്നത് അപകടകരമാണ്.

ആരോഗ്യവകുപ്പ് അധികൃതർ

Advertisement
Advertisement