തോടുകളിൽ കാട് നിറഞ്ഞു, നിറയെ മാലിന്യവും

Wednesday 15 May 2024 12:42 AM IST
ടി. കെ റോഡിൽ ജനറൽ ഹോസ്പിറ്റലിന് സമീപമുള്ള തോട്

പത്തനംതിട്ട : മഴക്കാലമായിട്ടും മഴക്കാലപ്പൂർവ ശുചീകരണം ഇത്തവണ കാര്യക്ഷമമായില്ല. വെള്ളത്തിന് പകരം തോടുകളിൽ നിറയെ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളുമാണ്. നഗരത്തിലെ പ്രധാന തോടുകളെല്ലാം കാ‌ടുനിറഞ്ഞും മാലിന്യങ്ങളാലും ഉപയോഗശൂന്യമായിരിക്കുന്നു.

ആശുപത്രി പരിസരത്ത്...

ടി.കെ റോഡിൽ ജനറൽ ആശുപത്രിയുടെ പ്രധാന കവാടം കഴിഞ്ഞ് മുമ്പോട്ട് പോകുമ്പോഴുള്ള തോട് ഭക്ഷണാവശിഷ്ടങ്ങളാൽ മലിനമാണ്. കൊതുക് പെരുകുന്ന തോട് നഗരത്തിന്റെ ശാപമായിട്ട് നാളുകളേറെയായി. കൊതുക് ശല്യവും ദു‌ർഗന്ധവും കാരണം പൊറുതിമുട്ടിയിരിക്കുകയാണ് പ്രദേശവാസികൾ.

ഡോക്ടേഴ്സ് ലെയിനിൽ...

ഡോക്ടേഴ്സ് ലെയിനിൽ നിരവധിയാളുകൾ ദിവസവും സഞ്ചരിക്കുന്ന റോഡിന് സമീപമുള്ള തോട്ടിൽ മാലിന്യം കുമിഞ്ഞുകൂടി. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലം കൂടിയാണിത്. നിരവധി സർക്കാർ ഓഫീസുകളും ഇവിടെയുണ്ട്. തോട്ടിൽ കാടും പടർപ്പും നിറഞ്ഞു.

കണ്ണങ്കര തോട്

നഗരത്തിലെ തന്നെ വലിയ തോടുകളിൽ ഒന്നാണിത്. വലിയ പ്ലാസ്റ്റിക് കവറുകൾ തോടിന്റെ ഇരു വശങ്ങളിലും നിറഞ്ഞതിനാൽ മദ്ധ്യേഭാഗത്തൂടെ മാത്രം ആണ് വെള്ളം ഒഴുകുന്നത്. വൈകുന്നേരങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികളടക്കം നിരവധിപേർ ഈ തോടിന്റെ കരകളിൽ വിശ്രമിക്കാനായി എത്താറുണ്ട്.

ഞവരത്തോട്

കോളേജ് റോഡിൽ സ്റ്റേഡിയം ജംഗ്ഷനും ടൗൺഹാൾ റോഡിനും മദ്ധ്യേയുള്ള ഞവര തോട്ടിൽ ഒഴുക്ക് നിലച്ച മട്ടാണ്. സമീപത്തുള്ള കടകളിലെ അടക്കം മാലിന്യങ്ങൾ ഇവിടെ തള്ളുന്നതാണ് പ്രധാന പ്രശ്നം. മഴയിൽ നിറഞ്ഞൊഴുകുന്ന തോടാണിത്. മാലിന്യവും കാടും കാരണം ഒഴുക്ക് മന്ദഗതിയിലായി.

കൊറ്റൻ തോട്

വെള്ളത്തിന് പകരം നിറയെ കാടും പടർപ്പും വളർന്നിരിക്കുകയാണ് കൊറ്റൻതോട്ടിൽ. പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങളും കാണാനാകും. ചിലയിടങ്ങളിൽ മലിനജലം കെട്ടികിടക്കുകയാണ്. ഇരുവശങ്ങളിലുമുള്ള മരങ്ങൾ തോട്ടിലേക്ക് ചരിഞ്ഞ നിലയിലാണ്.

Advertisement
Advertisement