ചൂട് കുറഞ്ഞു; വൈദ്യുതി  ഉപഭോഗം 1000 മെഗാവാട്ടും

Wednesday 15 May 2024 12:37 AM IST

തിരുവനന്തപുരം:വേനൽ മഴ ശക്തിപ്പെട്ടതോടെ ചൂട് കുറഞ്ഞു.വൈദ്യുതി ഉപഭോഗം 1000 മെഗാവാട്ട് കുറഞ്ഞു. നാലാഴ്ചയായി നിലനിന്ന വൈദ്യുതി പ്രതിസന്ധിയും ഒഴിഞ്ഞു.എന്നാലും, പ്രതിസന്ധി തരണംചെയ്യാൻ ഏർപ്പെടുത്തിയ കൺട്രോൾ റൂം സംവിധാനം ദിവസങ്ങൾ കൂടി തുടരുമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു.

മേയ് എട്ടുമുതൽ ശക്തിപ്പെട്ട വേനൽമഴയിൽ പാലക്കാട് അഞ്ച് ഡിഗ്രി സെൽഷ്യസും തൃശ്ശൂരും കൊല്ലത്തും ആലപ്പുഴയിലും മൂന്ന് ഡിഗ്രിയും കുറഞ്ഞു. മലയോര മേഖലയിൽ പകൽ താപനില 36ൽ നിന്ന് 28ലേക്ക് താണു.

5600 മെഗാവാട്ടിന് മുകളിൽവരെ എത്തിയിരുന്ന ഉപഭോഗം പത്താംതീയതി 4976 മെഗാവാട്ടും 11ന് 4585 മെഗാവാട്ടും 12ന് 4559 മെഗാവാട്ടുമായി കുറഞ്ഞു. വരുംദിവസങ്ങളിൽ ഇനിയും കുറഞ്ഞേക്കും.

ഉപഭോഗം ഉയർന്നതോടെ ലോഡ് താങ്ങാനാകാതെ ട്രാൻസ്ഫോർമറുകൾ കേടായതും കത്തിപ്പോയതുമാണ് വൈദ്യുതി വിതരണം പ്രതിസന്ധിയിലാക്കിയത്. ഫാക്ടറികളിൽ രാത്രി ഷിഫ്ട് ഒഴിവാക്കിയും വാണിജ്യമേഖലയിൽ അലങ്കാര ദീപങ്ങൾ വിലക്കിയുമാണ് കെ.എസ്.ഇ.ബി പ്രതിസന്ധി മറികടന്നത്. വേനൽമഴ അടുത്തയാഴ്ചയും തുടർന്നേക്കും.

കേരളത്തിൽ കാലവർഷം നേരത്തേ എത്താൻ സാധ്യതയുണ്ട്.ആൻഡമാനിൽ ഈ മാസം 19ഒാടെ എത്തുമെന്നാണ് സൂചന.

Advertisement
Advertisement