കാനയിലേക്ക് ജീപ്പ് മറിഞ്ഞ് നടൻ മാത്യുവിന്റെ മാതാപിതാക്കൾക്ക് പരിക്ക്; റിട്ട.  അദ്ധ്യാപികയായ ബന്ധു മരിച്ചു

Wednesday 15 May 2024 3:20 PM IST

കൊച്ചി: എറണാകുളം ശാസ്‌താംമുകളിൽ ദേശീയപാതയിൽ നിർമാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ടയേർഡ് അദ്ധ്യാപിക മരിച്ചു. മാമലതുരുത്തിയിൽ ബീന (60)​ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബീനയുടെ ഭർത്താവ് സാജു,​ ബന്ധു ബിജു,​ ഭാര്യ സൂസൻ എന്നിവർക്കാണ് പരിക്കേറ്റത്. മരണാന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. നടൻ മാത്യു തോമസിന്റെ (തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ നടൻ) മാതാപിതാക്കളാണ് ബിജുവും സൂസനും. ബിജുവിന്റെ പിതൃസഹോദര പുത്രന്റെ ഭാര്യയാണ് മരിച്ച ബീന. മാത്യുവിന്റെ സഹോദരനാണ് ജീപ്പ് ഓടിച്ചിരുന്നത്. ഇദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.