എസിയും ഫാനും പ്രവര്‍ത്തിച്ചില്ല, കോച്ചില്‍ കൂരിരുട്ട്; റെയില്‍വേയ്ക്ക് മലയാളിയുടെ പണം മാത്രം മതി

Wednesday 15 May 2024 9:08 PM IST

തിരുവനന്തപുരം: വന്ദേഭാരത്, അതിന്റെ സ്ലീപ്പര്‍ ട്രെയിന്‍, വന്ദേ മെട്രോ...ആധുനികവത്കരണത്തിന്റെയും അതിവേഗതയുടേയും പുത്തന്‍ അനുഭവം രാജ്യത്തെ ട്രെയിന്‍ യാത്രക്കാര്‍ക്ക് നല്‍കുന്നതിന് മുന്തിയ പരിഗണന. പ്രഖ്യാപിത നയം നടപ്പിലാക്കാന്‍ അഹോരാത്രം പരിശ്രമിക്കുകയാണ് റെയില്‍വേ. നല്ല കാര്യം തന്നെയാണ് പക്ഷേ നിലവില്‍ ഓടുന്ന ട്രെയിനുകള്‍ മര്യാദയ്ക്ക് ഓടിക്കാനുള്ള സന്‍മനസ്സ് കൂടി റെയില്‍വേയ്ക്ക് ഉണ്ടാകണമെന്ന് പണം മുടക്കി വണ്ടിയില്‍ കയറുന്ന യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍ തെറ്റ് പറയാന്‍ പറ്റില്ലല്ലോ.

ദുരിതയാത്രയുടെ പര്യായമായിരുന്നു മുംബയില്‍ നിന്ന് കൊച്ചുവേളി വരെയുള്ള 12201 ഗരീബ്‌രഥ് എക്‌സ്പ്രസിലെ യാത്ര എന്ന് അക്ഷരതെറ്റില്ലാതെ പറയാം. നാല് മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ ലക്ഷ്യസ്ഥാനത്ത് എത്തിയത്. മുംബയിലെ മഴയും പൊടിക്കാറ്റും ആയിരുന്നു ട്രെയിന്‍ വൈകാനുള്ള കാരണങ്ങളില്‍ ഒന്ന്. എന്നാല്‍ അത് മാത്രമായിരുന്നില്ല ഈ വൈകിയോടലിന് കാരണം. സാധാരണക്കാരന് എ.സി കംപാര്‍ട്‌മെന്റില്‍ യാത്ര ചെയ്യാന്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് എന്നതാണ് ഗരീബ് രഥ് ട്രെയിനുകളുടെ ഉദ്ദേശം. അതുകൊണ്ട് തന്നെ ട്രെയിന്‍ കാലങ്ങളായി സൂപ്പര്‍ഹിറ്റാണ്.

മഴയും കാലാവസ്ഥാ പ്രശ്‌നങ്ങളും സൃഷ്ടിച്ച പ്രതിസന്ധിക്ക് പുറമേയുള്ള നിരവധി പ്രശ്‌നങ്ങളാണ് ഗരീബ് രഥില്‍ യാത്രക്കാര്‍ നേരിട്ടത്. ഭൂരിഭാഗം സമയത്തും ട്രെയിനില്‍ എയര്‍ കണ്ടീഷനിംഗ് പ്രവര്‍ത്തിച്ചില്ല. ഫാനിന്റെ കാറ്റ് കൊണ്ട് ആശ്വാസം തേടാമെന്ന് കരുതിയാല്‍ അതും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. വൈദ്യുതി തടസ്സം കാരണം നിരവധി തവണ കംപാര്‍ട്‌മെന്റുകള്‍ കൂരിരുട്ടിലേക്ക് പോകുന്ന സ്ഥിതിയും ഉണ്ടായി. അവധിക്കാലത്തിന്റെ അവസാന ആഴ്ചകളിലേക്ക് എത്തിയതിനാല്‍ നിരവധി മുംബയ് മലയാളികള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു.

ഗോവ, മൂകാംബിക, മുരടേശ്വര്‍ പോലുള്ള ടൂറിസ്റ്റ്, തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പോയി മടങ്ങുന്നവരും ട്രെയിനില്‍ നിരവധിയായിരുന്നു. യാത്രക്കാര്‍ പല തവണ പരാതി പറഞ്ഞെങ്കിലും പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇതോടൊപ്പം ടോയ്‌ലെറ്റുകളില്‍ വെള്ളവുമില്ല, മാലിന്യ സഞ്ചികള്‍ എടുത്ത് മാറ്റാത്തതിനാല്‍ അതിന്റെ പ്രശ്‌നവും കൂടിയായപ്പോള്‍ യാത്രക്കാര്‍ പ്രതിഷേധത്തിലേക്ക് തിരിഞ്ഞു. ടിടിഇമാരോട് നിരവധിപേര്‍ നേരിട്ട് പരാതി പറഞ്ഞു.

കണ്ണൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒരു വിഭാഗം യാത്രക്കാര്‍ ട്രെയിന്‍ തടയുമെന്നും പ്രശ്‌നം പരിഹരിക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഉടന്‍ പരിഹാരം എന്ന പതിവ് പല്ലവിയായിരുന്നു മറുപടി. 11.17ന് കോഴിക്കോട് എത്തേണ്ട ട്രെയിന്‍ നാല് മണിക്കൂറും മൂന്ന് മിനിറ്റും വൈകി സ്‌റ്റേഷനില്‍ എത്തിയത് വൈകുന്നേരം 3.20ന്. വൈദ്യുതി സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാനെന്ന പേരില്‍ സ്റ്റേഷനില്‍ ട്രെയിന്‍ പിടിച്ചിട്ടത് രണ്ട് മണിക്കൂറിന് അടുത്താണ്. അഞ്ച് മണിക്കാണ് പ്രശ്‌നങ്ങള്‍ താത്കാലികമായി പരിഹരിച്ച് ട്രെയിന്‍ യാത്ര തുടര്‍ന്നത്.

പിന്നീടും നിരവധി തവണ പ്രശ്‌നങ്ങള്‍ ഇടയ്ക്ക് ഇടയ്ക്ക് ഉണ്ടായെങ്കിലും പെട്ടെന്ന് തന്നെ പരിഹരിക്കപ്പെട്ടു. രാത്രി ഓട്ടത്തിലും നിരവധി തവണയാണ് യാത്രക്കാരെ കൂരിരുട്ടിലാക്കി ട്രെയിനിലെ വെളിച്ചം കണ്ണടച്ചത്. ഗരീബ് രഥ് വ്യാഴാഴ്ച മുംബയ്ക്ക് മടങ്ങുമ്പോള്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ആഴ്ചയില്‍ രണ്ട് തവണയാണ് കൊച്ചുവേളിയില്‍ നിന്ന് ഈ ട്രെയിന്‍ മുംബയ്ക്ക് പോകുന്നത്.

Advertisement
Advertisement