അതിദരിദ്രരിൽ മാനസിക പ്രശ്നങ്ങൾ: ചികിത്സയ്ക്ക് പദ്ധതിയില്ല

Thursday 16 May 2024 12:05 AM IST

കൊച്ചി: സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിൽ നാലിലൊന്നിലും മാനസികരോഗമുള്ള ഒരാളെങ്കിലും ഉണ്ടെന്ന് പഠനറിപ്പോർട്ട്. ഇത്തരം കുടുംബങ്ങൾക്കായുള്ള ആരോഗ്യസംരക്ഷണ പരിപാടികളിൽ മാനസികാരോഗ്യം ഉൾപ്പെടാത്തതിനാൽ ചി​കി​ത്സ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയൺമെന്റൽ സ്റ്റഡീസിലെ (സി.എസ്.ഇ.എസ് ) ഗവേഷകരായ അതുൽ എസ്.ജി., ഡോ.എൻ. അജിത്കുമാർ, ഡോ. പാർവതി സുനൈന, നാഗരാജൻ ആർ. ദുരൈ, ബിബിൻ തമ്പി എന്നിവരാണ് പഠനം നടത്തിയത്.

ആദിവാസി മേഖലയായ വയനാട് പനമരം, മത്സ്യത്തൊഴിലാളി മേഖലയായ ആലപ്പുഴയിലെ ആലപ്പാട്, എറണാകുളത്തെ അശമന്നൂർ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചായി​രുന്നു പഠനം.

നീതി ആയോഗിന്റെ കണക്കിൽ 0.71 ശതമാനമാണ് കേരളത്തിലെ അതിദരിദ്രർ. ഭക്ഷണം, വരുമാനം, ആരോഗ്യം, പാർപ്പിടം എന്നിവ ഇവർക്ക് ഉറപ്പാക്കും.

വരുമാനമില്ലാത്തവർ, ആരോഗ്യമില്ലാത്തവർ, രണ്ടുനേരം ഭക്ഷണം കഴിക്കാത്തവർ, റേഷനുണ്ടെങ്കിലും പാകം ചെയ്തു കഴിക്കാനാകാത്തവർ തുടങ്ങിയവയാണ് അതിദാരിദ്ര്യത്തിന്റെ മാനദണ്ഡങ്ങൾ.

പ്രധാന പ്രശ്നങ്ങൾ
• മാനസികരോഗമുള്ളവർ തൊഴിൽ ചെയ്യുന്നവരല്ല

• പലർക്കും ആവശ്യമായ കിടത്തിച്ചികിത്സ ലഭിക്കുന്നില്ല

• രോഗികളെ പരിചരിക്കാൻ സ്ത്രീകൾക്ക് ജോലി ഉപേക്ഷിക്കേണ്ടിവരുന്നു

• പരിചരിക്കുന്നവർ പ്രായമുള്ള മാതാപിതാക്കളായാൽ സ്ഥിതി വഷളാകുന്നു

• പരിചരിക്കുന്നവരുടെ മരണം രോഗികളെ ഒറ്റപ്പെടുത്തുന്നു

• അയൽക്കാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയില്ല

വേണ്ട നടപടികൾ

• രോഗത്തെക്കുറിച്ചും പരിചരണത്തെക്കുറിച്ചും അവബോധം

• ചികിത്സയും സഹായവും ലഭ്യമാക്കാൻ സംവിധാനം

• കുടുംബാരോഗ്യകേന്ദ്രങ്ങളുടെ 'ആശ്വാസ" പദ്ധതിയുമായി ബന്ധിപ്പിക്കണം

• മരുന്നുകളുടെ വിതരണം, വിദഗ്ദ്ധചികിത്സയ്ക്ക് റഫർ ചെയ്യൽ

• ജില്ലാ മാനസികാരോഗ്യ പരിപാടിയുമായി ബന്ധിപ്പിക്കൽ

• ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് പരിചരണവും പിന്തുണയും ഉറപ്പാക്കണം

കേരളത്തിൽ അതിദരിദ്രം

കുടുംബങ്ങൾ 64,006

വ്യക്തികൾ 1,03,099

പട്ടികജാതി 12,763

പട്ടികവർഗം 3,201

തീരദേശവാസികൾ 2,737

കൂടുതൽ: മലപ്പുറം 8,553

കുറവ് : കോട്ടയം 1,071

''അതിദരിദ്രരുടെ മാനസികാരോഗ്യപ്രശ്നങ്ങൾ അപൂർവമായാണ് പരിഗണിക്കപ്പെടുന്നതെന്ന് തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികൾ തന്നെ സമ്മതിക്കുന്നുണ്ട്.""

-ഗവേഷകസംഘം

Advertisement
Advertisement