ഭൂമിയുടെ ഉള്ളം കുളിർക്കാൻ ആന്റോജിയുടെ മഴവെള്ള സിറിഞ്ച്
തിരുവനന്തപുരം:1988ലാണ്. കൊച്ചി ചെല്ലാനം കടപ്പുറത്തെ പുരയിടത്തിൽ ആന്റോജി ചെടി നനയ്‌ക്കുകയായിരുന്നു. ഫോൺ അടിച്ചപ്പോൾ ആന്റോജി ഹോസ് മണ്ണിലിട്ട് ഫോണെടുക്കാൻ പോയി. തിരിച്ചെത്തിയപ്പോൾ, ഹോസ് മണ്ണിൽ രണ്ടിഞ്ചോളം പൂണ്ടിരിക്കുന്നു. ഒരു കൗതുകത്തിന് ഹോസ് മണ്ണിൽ കുത്തിയിറക്കി. വെള്ളം മുകളിലേക്ക് വരാതായി. വെള്ളം എങ്ങോട്ട് പോയി ?
ആന്റോജിയുടെ മനസിൽ ഒരു 'യുറീക്ക' ബൾബ് മിന്നി - നിശ്ചിത മർദ്ദത്തിൽ കുത്തിയിറക്കിയാൽ വെള്ളം ഭൂമിക്കടിയിൽ സംഭരിക്കാം. ആവശ്യം വരുമ്പോൾ ആ വെള്ളം മോട്ടോറുപയോഗിച്ച് വലിച്ചെടുക്കാം. മഴവെള്ളം ഭൂമിയിലേക്ക് കുത്തിവയ്ക്കാനും വലിച്ചെടുക്കാനും പറ്റുന്ന ഒരു മഴവെള്ള സിറിഞ്ചിന്റെ രൂപരേഖ ഉരുത്തിരിഞ്ഞു. വയറിംഗ് തൊഴിലാളിയായ ആന്റോജിയുടെ സാങ്കേതിക വിരുതിൽ മഴവെള്ളം കുത്തിവച്ച് ഭൂഗർഭ ജലം റീചാർജ് ചെയ്യാനുള്ള 'റെയിൻ വാട്ടർ ഇൻജ്ക്‌ഷൻ' വിദ്യ യാഥാർത്ഥ്യമായി.
2009ൽ കേന്ദ്രസർക്കാരിന്റെ 'നാഷണൽ ഗ്രാസ് റൂട്ട് ടെക്‌നോളജിക്കൽ ഇന്നെവേഷൻസ് ആൻഡ് ട്രഡീഷണൽ നോളഡ്‌ജ് അവാർഡും ലഭിച്ചു. 30 വർഷം കൊണ്ട് ആന്റോജി 400ലേറെ റെയിൻ വാട്ടർ സിറിഞ്ചുകൾ സ്ഥാപിച്ചു. നൂറുകണക്കിന് കർഷകർക്കും കുടുംബങ്ങൾക്കും ഇത് അനുഗ്രഹമായി. തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ ‘ആന്റോജി മോഡൽ’ മഴവെള്ള സിറിഞ്ചുകൾ സ്ഥാപിച്ചു. ആൻഡമാൻ - നിക്കോബാർ ദ്വീപിൽ ജലക്ഷാമം മൂലം പൂട്ടാറായ ഒരു റിസോർട്ട് ഇപ്പോൾ ആന്റോജി സിറിഞ്ച് നൽകുന്ന ജലസമൃദ്ധിയിലാണ്.
വെള്ളത്തിന് ഉപ്പുരസമുള്ള തീരപ്രദേശത്ത് നിരവധി സിറിഞ്ച് യൂണിറ്റുകൾ സ്ഥാപിച്ചാൽ സമുദ്ര നിരപ്പിന് താഴെ മണ്ണിൽ മഴവെള്ളം കുത്തി വച്ച് ശുദ്ധജലം സംഭരിക്കാമെന്ന് ആന്റോജി പറയുന്നു.
റെയിൻ വാട്ടർ ഇൻജക്‌ഷൻ
ഭൂനിരപ്പിൽ സ്ഥാപിച്ച ഒരു ടാങ്കിൽ മഴവെള്ളം ഫിൽറ്റർ ചെയ്‌ത് ശേഖരിക്കും. അതിൽ നിന്ന് ആറിഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പ് വഴി 100 അടി വരെ ആഴത്തിൽ മഴവെള്ളം എത്തിക്കാം. ഒരു ശരാശരി യൂണിറ്റിന് ആയിരം ലിറ്റർ ടാങ്ക് മതിയാവും. ഈ ടാങ്ക് നിറയുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന മർദ്ദം മൂലം വെള്ളം താഴേക്ക് ഇൻജെക്ട് ചെയ്യുന്നു. പൈപ്പിന്റെ ചുവട്ടിലെ സുഷിരങ്ങളിലൂടെ മണ്ണിലേക്ക് ഇറങ്ങുന്ന മഴവെള്ളം ഭൂഗർഭ ജലശേഖരം റീചാർജ് ചെയ്ത ശേഷം പൈപ്പിൽ നിറഞ്ഞു നിൽക്കും. ഇതേ പൈപ്പിലൂടെ ഇറക്കിയ ഫുട്ട് വാൽവ് ഘടിപ്പിച്ച വ്യാസം കുറഞ്ഞ പൈപ്പിൽ മോട്ടോർ ഘടിപ്പിച്ച് വെള്ളം പമ്പ് ചെയ്‌ത് ഓവർഹെഡ് ടാങ്കിൽ ശേഖരിക്കാം.
ടാങ്കിൽ സംഭരിക്കാവുന്ന വെള്ളത്തിന് പരിധിയുണ്ട്, 15 - 20 വർഷമാണ് ടാങ്കിന്റെ ആയുസ്. ടാങ്കിലെ വെള്ളം നീരാവിയായി നഷ്ടപ്പെടാം. മണ്ണിൽ സംഭരിക്കാവുന്ന വെള്ളത്തിന് പരിധിയില്ല, നീരാവിയായി പോകുന്നില്ല.
--ആന്റോജി