ആനവണ്ടി യാത്ര സൂപ്പർഹിറ്റ് ലക്ഷങ്ങൾ വാരി ബഡ്‌ജറ്റ് ടൂറിസം

Thursday 16 May 2024 12:52 AM IST

കൊച്ചി: കുറഞ്ഞ ചെലവിൽ വിനോദയാത്ര ഒരുക്കിയ കെ.എസ്.ആർ.ടി.സി ബഡ്‌ജറ്റ് ടൂറിസത്തിന് മദ്ധ്യവേനൽ അവധിക്കാലത്ത് ലക്ഷങ്ങളുടെ വരുമാനം. ഏപ്രിലിൽ ജില്ലയിലെ അഞ്ച് ഡിപ്പോകൾ നടത്തിയ ട്രിപ്പുകളിൽനിന്ന് 31 ലക്ഷം രൂപയാണ് വരുമാനം ലഭിച്ചത്. ബഡ്‌ജറ്റ് ടൂറിസത്തോടെ ആനവണ്ടി ഫാൻസിന്റെ എണ്ണവും വ‌ർദ്ധിച്ചു. മേയിലും കൂടുതൽ ട്രിപ്പുകൾ നിശ്ചയിച്ച് ബുക്കിംഗ് പുരോഗമിക്കുന്നു. അവധിക്കാലം അവസാനിക്കാറായതോടെ തിരക്കേറുകയാണ്.

മൂന്നാർ- വട്ടവട, ചതുരംഗപ്പാറ, മൂന്നാർ- മാമലക്കണ്ടം, മറയൂർ- കാന്തല്ലൂർ, രാമക്കൽമേട്, മലക്കപ്പാറ, അഞ്ചുരുളി- വാഗമൺ, ഗവി, തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൂടുതൽ ട്രിപ്പുകൾ. 50 യാത്രക്കാരടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഗ്രൂപ്പ് ബുക്കിംഗ് സൗകര്യം എല്ലാ ഡിപ്പോകളിലും ഒരുക്കിയിട്ടുണ്ട്. മൺസൂൺകാലത്തും ട്രിപ്പുകളുണ്ടാകും. മഴക്കാലത്ത് മാമലക്കണ്ടം, ചതുരംഗപ്പാറ എന്നിവിടങ്ങളിലേക്കായിരിക്കും കൂടുതൽ ട്രിപ്പുണ്ടാവുക. റെഡ് അലേർട്ട് അനുസരിച്ചേ ട്രിപ്പുകൾ പ്രവ‍‍‍ർത്തിക്കുകയുള്ളൂ.

പ്രിയങ്കരം ഗവി യാത്ര

പലരുടെയും ബക്കറ്റ് ലിസ്റ്റിലുള്ള ടൂറിസ്റ്റ് സ്പോട്ടാണ് പത്തനംതിട്ടയിലെ വനമേഖലയായ ഗവി. ഗവിയിലേക്ക് നിരവധി ആനവണ്ടി ട്രിപ്പുകൾ നടത്തിക്കഴിഞ്ഞു. മേയ് ഒന്നുമുതൽ സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽനിന്ന് ഗവി ട്രിപ്പുകൾ നടത്തുന്നുണ്ട്. 31വരെ തുടരും. ഗവിയിലേക്ക് പോകാൻ അത്ര എളുപ്പമല്ലാത്തതിനാൽ കെ.എസ്.ആർ.ടി.സി യാത്ര ആരംഭിച്ചതോടെ വലിയ തിരക്കാണ്.

മേയ് മാസത്തിലെ യാത്ര

18: രാമക്കൽമേട്

19: വാഗമൺ- ചതുരംഗപ്പാറ

22: മലക്കപ്പാറ

23: കാന്തല്ലൂർ

25: രാമക്കൽമേട്- മാമലക്കണ്ടം

26: മലക്കപ്പാറ

27: ചതുരംഗപ്പാറ

30: ഗവി

ഫോൺ ബുക്കിംഗിന്

എറണാകുളം: 8129134848, 9207648246, നോർത്ത് പറവൂർ: 9745962226, ആലുവ: 9747911182, അങ്കമാലി: 9847751598, പെരുമ്പാവൂർ: 7558991581, കോതമംഗലം: 9846926626, 9656637383, മൂവാറ്റുപുഴ: 9447737983, കൂത്താട്ടുകുളം: 9497883291, 9400944319, പിറവം: 9446206897

വലിയ ചെലവില്ലാത്തതിനാൽ കുടുംബത്തോടൊപ്പം യാത്രചെയ്യാൻ ധാരാളംപേരെത്തുന്നുണ്ട്. ഏറ്റവും സുരക്ഷിതമായ യാത്രയാണ് കെ.എസ്.ആർ.ടി.സി സമ്മാനിക്കുന്നത്. മേയിൽ ജില്ലയിൽ ഒമ്പത് ഡിപ്പോകളിൽനിന്ന് വിനോദയാത്ര ആരംഭിച്ചിട്ടുണ്ട്.

പ്രശാന്ത് വേലിക്കകം

ജില്ലാ കോ ഓർഡിനേറ്റർ

എറണാകുളം, കോട്ടയം

Advertisement
Advertisement