നവവധുവിനെ മർദ്ദിച്ച കേസ്: എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ,​ രാഹുലിനായി ലുക്കൗട്ട് നോട്ടീസ്

Thursday 16 May 2024 4:35 AM IST

കോഴിക്കോട്: നവവധുവിനെ ഭർത്താവ് മർദ്ദിച്ച കേസിൽ ഗുരുതര വീഴ്ച വരുത്തിയ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എ.എസ്.സരിനെ ഉത്തരമേഖലാ ഐ.ജി കെ. സേതുരാമൻ സസ്പെൻഡ് ചെയ്തു. നവവധുവിന്റെ പരാതി ഗൗരവമായി എടുക്കാതിരിക്കുകയും പ്രതി പന്തീരാങ്കാവ് സ്വദേശി രാഹുൽ പി. ഗോപാലിനെതിരെ ഗുരുതര വകുപ്പ് ചുമത്താതിരിക്കുകയും ചെയ്തതിനാണ് നടപടി. കേസിന്റെ അന്വേഷണച്ചുമതല ഫറോക്ക് എ.സി.പി സാജു കെ. എബ്രഹാമിന് കൈമാറി.

മർദ്ദനമേറ്റ് അവശനിലയിലായിട്ടും വധശ്രമം ഉൾപ്പെടെ നടന്നിട്ടും പൊലീസ് ഗാർഹികപീഡനത്തിന് മാത്രമാണ് കേസെടുത്തതെന്ന് നവവധുവിന്റെ പിതാവ് പരാതിപ്പെട്ടിരുന്നു. പ്രതിയെ അറസ്റ്റുചെയ്യാൻ തയ്യാറാവാതെ ഒത്തുതീർപ്പാക്കാനാണ് ശ്രമിച്ചതെന്നും ആരോപിച്ചിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം രാഹുലിനെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയത്. ഒളിവിൽ പോയ രാഹുലിനെ കണ്ടെത്താൻ അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.